@ ഫെബ്രുവരിയിൽ നഷ്ടമായത് ഒന്നരക്കോടി
കോഴിക്കോട്: ഷെയർമാർക്കറ്റും ട്രേഡിംഗും നിക്ഷേപകർക്ക് തുണയാകുമ്പോൾ തട്ടിപ്പുകാർക്ക് വിലസാൻ പുതിയ താവളം. സോഷ്യൽ മീഡിയകളുടെയും വെർച്വൽ അക്കൗണ്ടുകളുടെയും പഴുതുകൾ ഉപയോഗിച്ചാണ് തട്ടിപ്പുകൾ ഏറെയും. ഷെയർ മാർക്കറ്റിൽ നിന്ന് കൂടുതൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് ജില്ലയിൽ കഴിഞ്ഞ മാസം മാത്രം തട്ടിയത് ഒന്നരക്കോടി രൂപ. സിറ്റി സെെബർ പൊലീസിൽ രജിസ്റ്രർ ചെയ്ത അഞ്ചോളം കേസുകളിലാണ് ഇത്രയും വലിയ തുക നഷ്ടമായത്. ഇത്തരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലും നിരവധി കേസുകളാണ് ദിവസവും രജിസ്റ്റർ ചെയ്യുന്നത്. വർഷങ്ങളായി ട്രേഡിംഗ് രംഗത്തുള്ളവരും ചതിക്കുഴിയിൽ വീഴുന്നുവെന്നതാണ് ഏറെ കൗതുകം.
ഷെയർ മാർക്കറ്റിൽ വിദേശ ഇൻസ്റ്റിറ്റ്യൂഷൻ ഇൻവെസ്റ്റ്‌മെന്റ് വഴി നിക്ഷേപം നടത്താമെന്ന് വിശ്വസിപ്പിച്ച് കോഴിക്കോട് സ്വദേശിയിൽ നിന്നും 60,70,000 രൂപ ഓൺലൈൻ വഴി തട്ടിയെടുത്ത സംഭവത്തിൽ മൂന്ന് യുവാക്കളെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. വ്യാജ ഷെയർ ട്രെയിനിംഗ് വെബ്സൈറ്റ് ഉപയോഗിച്ച് കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയിൽ നിന്ന് 48 ലക്ഷം തട്ടിയ സംഭത്തിലും കഴിഞ്ഞ ദിവസമാണ് ഒരാൾ അറസ്റ്റിലായത്.
@തട്ടിപ്പിന്റെ വഴികൾ
ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം വഴി നൽകുന്ന പരസ്യത്തിലൂടെ ഇടപാടുകാരെ വലയിൽ വീഴ്ത്തും. പിന്നീട് നിർദ്ദേശങ്ങൾ വാട്സ് ആപ്പിൽ ലഭിക്കുന്നതിനായി ഒരു ഗ്രൂപ്പിൽ അംഗമാകാൻ ആവശ്യപ്പെടും. ഗ്രൂപ്പ് വഴി ചില ട്രേഡിംഗ് ആപ്പുകൾ പരിചയപ്പെടുത്തും. ഇത് ഡൗൺലോഡ് ചെയ്താൽ എളുപ്പം ട്രേഡിംഗ് നടത്താം, മികച്ച ലാഭമുണ്ടാക്കാം എന്നൊക്കെ വാഗ്ദാനം നൽകും. പലപ്പോഴും ആപ്പുകളുടെ വ്യാജ പതിപ്പുകളാകും ഇവ. ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ അതിലെ വാലറ്റിലേക്ക് പണം നിക്ഷേപിക്കാൻ നിർദ്ദേശിക്കും. ഇടപാട് നടത്തി ലാഭമുണ്ടായാൽ വാലറ്റിൽ കാണാം. എന്നാൽ, തുക പിൻവലിക്കാനാവില്ല. നിശ്ചിത തുക ആയാൽ മാത്രമെ പിൻവലിക്കാൻ കഴിയൂ, നികുതിയും കമ്മിഷനും ചോദിച്ച് പിന്നെയും പണം നിക്ഷേപിക്കാൻ സമ്മർദ്ദം ചെലുത്തും. ചതിക്കപ്പെട്ടു എന്നറിയുമ്പോഴേക്കും തട്ടിപ്പ് സംഘം വലിയ തുക കെെക്കലാക്കി കടന്നിട്ടുണ്ടാകും. ഇത്തരത്തിൽ കോടികളാണ് പലർക്കും നഷ്ടമാകുന്നത്.
ഇടപാടുകാരുമായി നേരിട്ട് ബന്ധമില്ലാത്തതിനാൽ തട്ടിപ്പുകാരെ കണ്ടെത്തുക ഏറെ ശ്രമകരമാണെന്നാണ് സെെബർ പൊലീസ് പറയുന്നത്.
@പരാതി നൽകൻ 1930
ഓൺലൈൻ തട്ടിപ്പിന് ഇരയായാൽ എത്രയും പെട്ടെന്ന് 1930 എന്ന ടോൾ ഫ്രീ നമ്പറിൽ പരാതി രജിസ്റ്റർ ചെയ്യാം . സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ (https://cybercrime.gov.in/) വഴിയും രജിസ്റ്റർ ചെയ്യാം.
'' നിരവധി ട്രേഡിംഗ് തട്ടിപ്പുകളാണ് രജിസ്റ്റർ ചെയ്യുന്നത്. കേസുകളിൽ ദിവസവും അറസ്റ്റ് നടക്കുന്നുണ്ട്. തട്ടിപ്പിൽ പെട്ടുപോകാതിരിക്കാൻ ജാഗ്രത പാലിക്കണം''- സെെബർ ക്രെെം പൊലീസ്