
വടകര: വടകര ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തുന്നതായി കാണിച്ച് എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി സെക്രട്ടറി വത്സൻ പനോളി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. സ്ത്രീയെന്ന പരിഗണന പോലുമില്ലാതെ അധിക്ഷേപ കമന്റുകളും മെസേജുകളും,
അശ്ലീല ചുവയുള്ള മോർഫ് ചെയ്ത ചിത്രങ്ങളും പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് പരാതി.
മാർച്ച് 25ന് ഫേസ്ബുക്കിൽ 'ട്രോൾ റിപ്പബ്ലിക് ടിആർ' എന്ന ഗ്രൂപ്പിൽ മിൻഹാജ് കെ.എം. പാലോളി എന്ന അക്കൗണ്ടിൽ നിന്നാണ് അശ്ലീലച്ചുവയോടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്. സ്ഥാനാർത്ഥിയ്ക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയനെയും അപമാനിക്കുന്ന പ്രചാരണങ്ങളുണ്ട്. ഇവയെല്ലാം ചട്ട വിരുദ്ധവും തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് തുല്യവുമാണെന്നും ,യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ അറിവോടും പ്രേരണയോടെയുമാണ് ഇത്തരം പ്രചാരണങ്ങളെന്നുമാണ് എൽ.ഡി.എഫ് ആരോപണം.
മുഖ്യമന്ത്രി,ഡി.ജി.പി, ഐ.ജി, റൂറൽ എസ്.പി, കളക്ടർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.
കെ.കെ. ശൈലജയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതു മുതൽ സോഷ്യൽമീഡിയയിലൂടെ അധിക്ഷേപിക്കുകയാണെന്ന് എൽ.ഡി.എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അധിക്ഷേപങ്ങൾക്കെതിരെ നടപടിയെടുക്കാനും തിരുത്താനും യു.ഡി.എഫ് നേതൃത്വം തയ്യാറാകുന്നില്ല. യു.ഡി.എഫ് സ്ഥാനാർത്ഥി ഇത് തള്ളിപ്പറയുന്നില്ല.എല്ലാത്തിനും ജനം തിരഞ്ഞെടുപ്പിൽ മറുപടി പറയും.