കോഴിക്കോട്: ആരോപണ പ്രത്യാരോപണങ്ങളും അവകാശവാദങ്ങളുമായി ജില്ലയിൽ മുന്നണികളുടെ തിരഞ്ഞെടുപ്പ് പോരാട്ടം കനത്തു. വടകര എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയെ സോഷ്യൽ മീഡിയകളിൽ അധിക്ഷേപിച്ചതിനെതിരെ എൽ.ഡി.എഫ് പരാതി നൽകുകയും അധിക്ഷേപത്തിന് പിന്നിൽ യു.ഡി.എഫ് ഇടപടലെന്ന് ആരോപിക്കുകയും ചെയ്തു. തോൽവി ഭയന്നുള്ള മുൻകൂർ ജാമ്യമെന്ന് പറഞ്ഞ് യു.ഡി.എഫ് വാദം തള്ളുകയാണ്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വയനാട്ടിൽ സ്ഥാനാർത്ഥിയായതോടെ ജില്ലയിലെ എൻ.ഡി.എ പ്രവർത്തകർ ആവേശത്തിലാണ്. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ ഇരട്ട വോട്ട് വിഷയത്തിൽ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കോഴിക്കോട് ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗിന് പരാതി നൽകി.
കോഴിക്കോട് ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീം കുന്ദമംഗലം നിയമസഭ മണ്ഡലത്തിലാണ് ഇന്നലെ പ്രചാരണം നടത്തിയത്. ഒളവണ്ണ മാവത്തുംപടിയിൽ മക്കട മണക്കോട്ട് മോഹനന്റെ വീട്ടിലെ കുടുംബ സംഗമത്തിൽ പങ്കെടുത്തു. കമ്പിളിപറമ്പും മാത്തറയും ഇരിങ്ങല്ലൂരും കൈമ്പാലത്തുമെല്ലാം വോട്ടഭ്യർത്ഥിച്ചു. പന്തീരാങ്കാവ് ടൗണിൽ ഓട്ടോറിക്ഷ തൊഴിലാളികളും ചുമട്ടുതൊഴിലാളികളും സ്വീകരണം നൽകി. പുനത്തിൽ ബസാർ, കൊയമ്പുറം, വെള്ളായിക്കോട്, പെരുമണ്ണ, കുന്ദമംഗലം ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് , പെരുവയൽ പഞ്ചായത്തിലെ പള്ളിത്താഴം, ചെറുകളുത്തൂർ , മഞ്ഞൊടി, കുറ്റിക്കാട്ടൂർ, അഞ്ചാംമൈൽ, കാരന്തൂർ, കുന്ദമംഗലം, പടനിലം, കച്ചേരിക്കുന്ന്, തെങ്ങിലക്കടവ്, വളയന്നൂർ എന്നിവിടങ്ങളിൽ പ്രചാരണം നടത്തി.
യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ കോഴിക്കോട് രൂപതാ മെത്രാൻ വർഗീസ് ചക്കാലക്കൽ പിതാവിനെ സന്ദർശിച്ചു.
എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശ് ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിൽ പ്രചാരണം നടത്തി. അത്തോളി ടൗണിലെ പ്രചാരണത്തിനുശേഷം മണ്ഡലത്തിലെ പ്രമുഖരെ സന്ദർശിച്ചു.
വടകര ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയുടെ പൊതു പര്യടനത്തിന് തുടക്കമായി. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ മൂരാട് നിന്ന് ആരംഭിച്ച പര്യടനം എൽ.ഡി.എഫ് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് എം.കെ .ഭാസ്‌കരൻ ഫ്ളാഗ് ഓഫ് ചെയ്തു. രാവിലെ 8.30 ന് ആരംഭിച്ച പര്യടനത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകൾ പങ്കെടുത്തു. മൂരാട് ഘോഷയാത്ര നടന്നു. ഗൾഫിലെ പ്രചാരണം പൂർത്തിയാക്കി തിരിച്ചെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ചെരണ്ടത്തൂർ എം.എച്ച്ഇ.എസ് കോളേജ്, മണിയൂർ ഗവ. എൻജിനിയറിംഗ് കോളേജ്, വില്യാപ്പള്ളി എം.ഇ.എസ് കോളേജ്, കുരിക്കിലാട് സഹകരണ കോളേജ് എന്നിവിടങ്ങളിൽ വോട്ടഭ്യർഥിച്ചു. തുടർന്ന് കൂത്തുപറമ്പിലായിരുന്നു പ്രചാരണം. എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ വടകരയിൽ പ്രചാരണം നടത്തി. ചോമ്പാൽ ഹാർബറിൽ മത്സ്യ തോഴിലാളികളെ കണ്ടതിന് ശേഷം പുതുപ്പണത്ത് മണൽ വാരുന്ന തോഴിലാളികളുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് വടകര ആയുർവേദ ആശുപത്രി, ടീച്ചേഴ്സ് ട്രെനിംഗ്കോളേജ് , മേപ്പയിൽ ഭദ്രകാളി ക്ഷേത്രം, വില്യാപ്പള്ളി എന്നിവിടങ്ങൾ സന്ദർശിച്ചു.
നാമനിർദ്ദേശ പത്രിക
സമർപ്പണം ഇന്ന് മുതൽ
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് മുതൽ ആരംഭിക്കും. റിട്ടേണിംഗ് ഓഫീസർമാർ മുമ്പാകെയാണ് പത്രിക സമർപ്പിക്കുക. കോഴിക്കോട് മണ്ഡലത്തിന്റെ വരണാധികാരി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗും വടകര മണ്ഡലത്തിന്റേത് എ.ഡി.എം കെ. അജീഷുമാണ്. കളക്ടറേറ്റിൽ വച്ചാണ് ഇരു മണ്ഡലങ്ങളിലെയും നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കുക, രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ പത്രിക സമർപ്പിക്കാം. അവസാന തിയതി ഏപ്രിൽ നാല്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം അവധി ദിനങ്ങളായ മാർച്ച് 29, 31, എപ്രിൽ ഒന്ന് തിയതികളിൽ പത്രിക സമർപ്പണം ഉണ്ടാവില്ല. സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന് നടക്കും. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ടാണ്.