dddd
കോഴിക്കോട് പാർലമെന്റ് മണ്ഡലം എസ്.യു.സി.ഐ സ്ഥാനാർഥി ഡോ. എം.ജ്യോതിരാജ് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന് നാമനിർദ്ദേശപത്രിക നൽകുന്നു

കോഴിക്കോട് : ലോക്സഭാ തിരഞ്ഞെടുപ്പിനായി ജില്ലയിൽ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചു തുടങ്ങി. കോഴിക്കോട് മണ്ഡലം എസ്.യു.സി.ഐ സ്ഥാനാർത്ഥി ഡോ. എം .ജ്യോതിരാജ് ആദ്യ ദിനത്തിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ജില്ലാ കളക്ടറും വരണാധികാരിയുമായ സ്‌നേഹിൽ കുമാർ സിംഗിനാണ് പത്രിക നൽകിയത്. സ്ഥാനാർത്ഥിയ്ക്ക് നേരിട്ടോ പിന്തുണയ്ക്കുന്നയാൾക്കോ നാമനിർദ്ദേശ പത്രിക നൽകാം. വരണാധികാരിക്കോ പ്രത്യേകം നിശ്ചയിക്കപ്പെട്ട ഉപവരണാധികാരിക്കോ ആണ് പത്രിക നൽകേണ്ടത്.

കോഴിക്കോട് മണ്ഡലത്തിന്റെ വരണാധികാരി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗും ഉപവരണാധികാരി സബ് കളക്ടർ ഹർഷിൽ ആർ മീണയുമാണ്. എ.ഡി.എം കെ. അജീഷാണ് വടകര മണ്ഡലം വരണാധികാരി. ഉപവരണാധികാരി വടകര ആർ.ഡി.ഒ അൻവർ സാദത്ത് പി. കളക്ടറേറ്റിലാണ് ഇരു മണ്ഡങ്ങളിലെയും നാമനിർദ്ദേശപ്പത്രികകൾ സ്വീകരിക്കുന്നത്. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. അവസാന തീയതി ഏപ്രിൽ നാല്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം അവധി ദിനങ്ങളായ 29, 31, എപ്രിൽ ഒന്ന് തിയതികളിൽ പത്രിക നൽകൽ ഉണ്ടാകില്ല. സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന് നടക്കും. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ടാണ്.

 തിരഞ്ഞെടുപ്പ് ചെലവ്

നിരീക്ഷകർ ജില്ലയിൽ

ലോക്സഭാ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച എക്സ്‌പെൻഡിച്ചർ ഒബ്സർവർ ജില്ലയിൽ എത്തി. കോഴിക്കോട് പാർലമെന്ററി നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള ഡോ. സുനിൽ എൻ. റാനോട്ടാണ് എത്തിയത്.

വടകര പാർലമെന്ററി നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള മോണിക്ക ഹർഷദ് പാണ്ഡേ ഇന്ന് രാവിലെയോടെ എത്തിച്ചേരും.

ഇന്ന് ഉച്ചയ്ക്ക് 2.30 ന് കളക്ടേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്, ജില്ലാ പൊലീസ് മോധാവിമാർ, ചിലവുകൾ നിരീക്ഷിക്കുന്നതിന് രൂപീകരിക്കപ്പെട്ട വിവിധ സ്‌ക്വാഡുകളിലെ എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർ, തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സെല്ലിലെ ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലെ പുരോഗതിയും വിലയിരുത്തുമെന്ന് ഇലക്ഷൻ എക്സ്‌പെൻഡിച്ചർ മോണിറ്ററിംഗ് സെൽ നോഡൽ ഓഫീസർ മനോജൻ കെ. പി, അസി.നോഡൽ ഓഫീസർ നന്ദന എസ് പിള്ള എന്നിവർ അറിയിച്ചു.

 58000 രൂപ സ്‌ക്വാഡ് പിടികൂടി

മതിയായ രേഖകളില്ലാതെ കൊണ്ടു പോയ 58000 രൂപ പിടികൂടി. എലത്തൂരിന് സമീപം നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഇതുവരെ 1,64,500 രൂപ ഇത്തരത്തിൽ പിടിച്ചെടുത്തിട്ടുണ്ട്. അനധികൃതമായി വോട്ടർമാരെ സ്വാധീനിക്കുന്നതിനായി കൊണ്ടു പോകുന്ന പണം, ലഹരി വസ്തുക്കൾ, പാരിതോഷികങ്ങൾ, ആയുധങ്ങൾ, എന്നിവയെല്ലാം പിടിച്ചെടുക്കുന്നതിനായി വിവിധ സ്‌ക്വാഡുകൾ ഇലക്ഷൻ എക്സ്‌പെൻഡിച്ചർ മോണിറ്ററിംഗ് സെല്ലിന്റെ നേതൃത്വത്തിൽ ജില്ലയിൽ പ്രവർത്തിച്ചു വരുന്നുണ്ട്.മതിയായ രേഖകളില്ലാതെ കൊണ്ടു പോകുന്ന 50,000 രൂപക്ക് മുകളിലുള്ള തുകയും 10,000 രൂപക്ക് മുകളിൽ മൂല്യമുള്ള സാധന സാമഗ്രികളും പിടിച്ചെടുക്കുമെന്ന് തെരഞ്ഞെടുപ്പ് എക്സ്‌പെൻഡിച്ചർ മോണിറ്ററിംഗ് സെൽ അറിയിച്ചു.