വലിയ പ്രതീക്ഷയോടെയായിരുന്നു കോഴിക്കോട് ചാലിയത്ത് 'നിർദ്ദേശ് ' പദ്ധതിയുടെ വരവ്. എ.കെ.ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് കേരളത്തിന് കൊടുത്ത സമ്മാനം. രാജ്യത്തിന്റെ പ്രതിരോധനത്തിന് കാവലാവുക , കപ്പൽ രൂപകൽപന, ഗവേഷണവും പരിശീലനം.. പക്ഷേ വർഷം 13 കഴിഞ്ഞു. കേവലം കെട്ടിടത്തിലും ജീവനക്കാർക്ക് കൊടുക്കുന്ന ശമ്പളത്തിലും മാത്രമായി 'നിർദ്ദേശ് ' ഒതുങ്ങി.
ചാലിയത്ത് നിർദ്ദേശ്
ഇന്ത്യൻ പ്രതിരോധത്തിന്റെ നാഴികക്കല്ലായി നാടുനീളെ കൊട്ടിഘോഷിച്ച എ.കെ ആന്റണിയുടെ സ്വപ്ന പദ്ധതിയായ ചാലിയത്തെ നിർദ്ദേശ് ( നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ഡവലപ്പ്‌മെന്റ് ഇൻ ഡിഫൻസ് ഷിപ്പ് ബിൽഡിംഗ് ) ഇന്ന് തറക്കല്ലിൽ കെടുകാര്യസ്ഥതയുടെ ക്ലാവുപിടിച്ച് കിടക്കുകയാണ്. യുദ്ധക്കപ്പലുകളുടെ രൂപകല്പനയിൽ രാജ്യം സ്വയം പര്യാപ്തത കൈവരിക്കാനായി 2011 -ൽ ജൂൺ നാലിനാണ് ചാലിയത്ത് പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്റണി പദ്ധതിയ്ക്ക് തറക്കല്ലിട്ടത് . 600 കോടി രൂപയായിരുന്നു പദ്ധതി ചെലവ്. 13 വർഷത്തിന് ശേഷവും പദ്ധതി മന്ദഗതിയിലായതോടെ കേന്ദ്ര സർക്കാർ നിർദ്ദേശിന്റെ പ്രവർത്തനം പുതിയൊരു സൊസൈറ്റിയുടെ കീഴിലാക്കിയിരിക്കുകയാണ്. പ്രതീക്ഷ കൈവിട്ടില്ലെങ്കിലും അനുവദിച്ച കോടികൾ കടലിൽ പോയോ എന്ന ചോദ്യം തിരയായി ഉയരുന്നുണ്ട്.
പ്രതിരോധത്തിന്
ആണിക്കല്ലാവുക ലക്ഷ്യം
പ്രതിരോധ യുദ്ധക്കപ്പൽ രൂപകൽപന , ഗവേഷണം, ഡാറ്റാബേസ് സൂക്ഷിക്കൽ , പരിശീലനം എന്നിവയായിരുന്നു പദ്ധതി ലക്ഷ്യമിട്ടത്. കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി തേടാതെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചതെന്ന ആരോപണമാണ് നിർദ്ദേശിനെയും എ.കെ. ആന്റണിയെയും പ്രതികൂട്ടിലാക്കിയത്. സർക്കാർ മാറിയതോടെ കേന്ദ്ര ഫണ്ട് നിലച്ചു. അതോടെ പ്രവർത്തനവും മന്ദഗതിയിലായി. കോടികളുടെ പാഴ്‌ചെലവാണ് നിർദ്ദേശ് ഉണ്ടാക്കിയത്. കേരളത്തിന്റെ കടൽ അതിർത്തിയിൽ പാക്കിസ്ഥാന്റെ സാന്നിദ്ധ്യമാണ് ' നിർദ്ദേശ് ' എന്ന പദ്ധതിയിലക്ക് പ്രതിരോധ വകുപ്പിനെ നയിച്ചത്. തറക്കല്ലിടലിന് മാത്രമായി 1.60 കോടിയാണ് ചെലവഴിച്ചത്. സൈറ്റ് ഓഫീസ് നിർമ്മാണത്തിനായി 1.50 കോടി , പദ്ധതിയുടെ പ്രാരംഭ പ്രവൃത്തിയുടെ ഭാഗമായ ആഗോള ശില്പശാലയ്ക്ക് ചെലവിട്ടത് 5 കോടി .. ധൂർത്തുകൾ ഇങ്ങനെ പോകുന്നു. നിർദ്ദേശിന്റെ ഒന്നര ഏക്കർ സ്ഥലം ടെക്‌നിക്കൽ പാർക്കിനായി അസാപിന് കൈമാറാനുള്ള നടപടി ക്രമങ്ങൾ നടക്കുകയാണ്. മന്ത്രി മുഹമ്മദ് റിയാസ് മുൻകൈയെടുത്ത് നിർദ്ദേശിന്റെ ഭൂമി കൂടി ടൂറിസത്തിന് വിനിയോഗിച്ചുകൂടെ എന്നാണ് ചാലിയത്തെ മത്സ്യതൊഴിലാളികൾ ചോദിക്കുന്നത്.
നിർദ്ദേശ് ഏറ്റെടുക്കാൻ
പുതിയ സൊസൈറ്റി
നിർദ്ദേശ് ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ പുതിയൊരു സൊസൈറ്റിയ്ക്ക് രൂപം നൽകിയിരിക്കുകയാണ്. മുംബയിലെ മസഗോൺ ഡോക്ക്, വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ്, ഗോവ കപ്പൽ നിർമ്മാണശാല, കൊൽക്കത്ത ഗാർഡൻ റിച്ച് കപ്പൽ നിർമ്മാണ ശാല, കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി എന്നിവ ചേരുന്നതാണ് പുതിയ സൊസൈറ്റി . മുംബയിലെ ഷിപ്പ് യാർഡായ മസഗോൺ ഡോക്കിന്റെ കീഴിലാണ് ചാലിയത്തെ നിർദ്ദേശ് നിലവിൽ പ്രവർത്തിക്കുന്നത്. കൊയിലാണ്ടി സ്വദേശിയും സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറുമായ വി.കെ. സുരേന്ദ്രന്റെ കീഴിൽ മൂന്ന് സെക്യൂരിറ്റി ജീവനക്കാരടക്കം 20 ഓളം ജീവനക്കാർ നിലവിൽ നിർദ്ദേശിൽ പ്രവർത്തിക്കുന്നു . കേരള സർക്കാർ പ്രതിരോധ വകുപ്പിന് വേണ്ടി നൽകിയ 40 ഏക്കർ സ്ഥലത്താണ് നിർദ്ദേശ് പ്രവർത്തനം തുടങ്ങിയത്.
നിർദ്ദേശ് പദ്ധതിയുടെ ഓഫീസ് കെട്ടിടം
നിർദ്ദേശ് പദ്ധതി പ്രദേശം