socialmedia
സോഷ്യൽ മീഡിയ

കോഴിക്കോട്: സോഷ്യൽ മീഡിയകളിൽ തിരഞ്ഞെടുപ്പ് ആവേശം പിടിവിട്ടുപോവേണ്ട, പണി വഴിയെ വരും. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം 24 മണിക്കൂറും പ്രവർത്തിക്കുന്ന സോഷ്യൽ മോണിറ്ററിംഗ് ടീം സോഷ്യൽ മീഡിയകളെ നിരീക്ഷിക്കാൻ രംഗത്തെത്തി കഴിഞ്ഞു. വ്യാജ പ്രചാരണങ്ങൾ ഏറാൻ സാദ്ധ്യതയുള്ള സാഹചര്യത്തിലാണ് സെെബർ ഓപ്പറേഷൻ വിഭാഗത്തിന് കീഴിൽ സോഷ്യൽ മോണിറ്ററിംഗ് ടീമിന് രൂപം നൽകിയിരിക്കുന്നത്. സംസ്ഥാന സൈബർ ഓപ്പറേഷൻ വിഭാഗം മേധാവിയുടെ മേൽനോട്ടത്തിലാണ് ടീം പ്രവർത്തിക്കുക.

@ 24 മണിക്കൂർ നിരീക്ഷണം

ഫേസ്ബുക്ക്, വാട്‌സ് ആപ്പ്. ഇൻസ്റ്റഗ്രാം എക്സ്, ട്വിറ്റർ, ടെലഗ്രാം തുടങ്ങി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സോഷ്യൽ മോണിറ്ററിംഗ് വിഭാഗം നിരീക്ഷിക്കും. ഇതിനായി കോഴിക്കോട് സിറ്റിയിലും റൂറലിലുമായി 4 പേരാണ് പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങൾ, വ്യാജ സന്ദേശങ്ങൾ, അപകീർത്തിപ്പെടുത്തൽ, മതസ്പർദ്ധ വളർത്തുന്ന പ്രതികരണങ്ങൾ, കലാപാഹ്വാനം തുടങ്ങി സോഷ്യൽ മീഡിയകളിലെ എല്ലാ പോസ്റ്റുകളും പരിശോധിക്കും. സെെബർ ഓപ്പറേഷൻ വിഭാഗം നേരത്തെ നടത്തിവരുന്ന നിരീക്ഷണത്തിന് പുറമേയാണ് റെയ്ഞ്ച് അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കുന്നത്.

@ പരാതി അറിയിക്കാം

സോഷ്യൽ മീഡിയകളിൽ വ്യാജ പ്രചാരണം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും സെെബർ സെല്ലിനെ വിവരമറിയിക്കാം. കോഴിക്കോട് സിറ്റി- 9497942711, റൂറൽ- 9497942719.

@എക്സെെസും രംഗത്ത്

സ്പിരിറ്റ് കടത്ത്, വ്യാജമദ്യ ഉത്പാദനം, കടത്ത്, വില്പന, മയക്കുമരുന്ന് കടത്ത്, വിൽപന, ഉത്പാദനം എന്നിവ തടയുന്നതിന് ജില്ലയിൽ എക്‌സൈസ് വകുപ്പ് എൻഫോഴ്സ്മെന്റ് പ്രവർത്തനം കൂടുതൽ ശക്തമാക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം, സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകൾ, ബോർഡർ പട്രോൾ യൂണിറ്റ്, അതിർത്തി പ്രദേശങ്ങളിലും ഹൈവേകളിലും വാഹന പരിശോധനയ്ക്കായി ഹൈവേ പട്രോളിംഗ് യൂണിറ്റ് എന്നിവ പ്രവർത്തിക്കുന്നു.

@ വോട്ടിന് സൗജന്യ റീ ചാർജ് തട്ടിപ്പ്

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂട് കൂടിയതോടെ വ്യാജപ്രചാരണങ്ങളും വാഗ്ദാനങ്ങളും സോഷ്യൽ മീഡിയകളിൽ ഏറി വരികയാണ്. രാഷ്ട്രീയ പാർട്ടികൾ സൗജന്യമായി മൂന്നു മാസം ദൈർഘ്യമുള്ള പ്ലാനിൽ മൊബൈൽ ഫോൺ റീചാർജ് ചെയ്തു തരുമെന്ന വാഗ്ദാനമാണ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. സൗജന്യ റീചാർജ് സ്ക്രാച്ച് കാർഡുകൾ എന്ന പേരിലാണ് ലിങ്കുകൾ സോഷ്യൽ മീഡികളിൽ എത്തിയത്. ‘ഫ്രീ റീചാർജ് യോജന’ തുടങ്ങിയ പേരിലുള്ള സന്ദേശങ്ങളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരുടെ ഫോൺ നമ്പർ തട്ടിപ്പുകാർ ആവശ്യപ്പെടും. തുടർന്ന് റീചാർജ് ലഭിച്ചെന്നും ആക്ടിവേറ്റ് ചെയ്യാൻ കൂടുതൽ പേർക്ക് ഈ സന്ദേശം അയയ്ക്കണമെന്നും അറിയിക്കും. ഫലത്തിൽ നിങ്ങളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിക്കുകയാണ്. ഇത്തരം തട്ടിപ്പ് സന്ദേശങ്ങളിൽ അകപ്പെടുകയോ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുകയോ ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.