കോഴിക്കോട്: റംസാൻ, ഈസ്റ്റർ, വിഷു വിപണി മുന്നിൽ കണ്ട് ഇതര സംസ്ഥാന ലോബികൾ ഇറച്ചി കോഴികൾക്ക് കൃത്രിമക്ഷാമം ഉണ്ടാക്കിയതോടെ ജില്ലയിൽ കോഴി വില കുതിച്ചുയരുന്നു. കിലോയ്ക്ക് 180 രൂപയ്ക്ക് കിട്ടിയിരുന്ന കോഴിയിറച്ചി ഇപ്പോൾ 250 രൂപയിൽ എത്തി. രണ്ടാഴ്ച്ചയ്ക്കിടെ കിലോയ്ക്ക് 70 രൂപയോളമാണ് വർദ്ധിച്ചത്. ഒരിടത്തും ഏകീകൃത വിലയില്ല. റംസാൻ സീസണിൽ കോഴിയ്ക്ക് ആവശ്യക്കാരേറുമെന്നതിനാൽ കൃത്രിമക്ഷാമം സൃഷ്ടിച്ച് പരമാവധി ലാഭമുണ്ടാക്കാനാണ് തമിഴ്നാട് ലോബിയുടെ നീക്കമെന്നാണ് കച്ചവടക്കാരുടെ ആരോപണം. കഴിഞ്ഞ കുറച്ചുമാസങ്ങളായി കോഴത്തീറ്റയ്ക്കും അനുബന്ധ സാധനങ്ങൾക്കും കാര്യമായ വിലവർദ്ധന ഉണ്ടായിട്ടില്ല. എന്നിട്ടും ഫാമുകളിൽ കോഴിയ്ക്ക് വില വർദ്ധിക്കുകയാണ്. കോഴിയുടെ ക്ഷാമമാണ് വില വർദ്ധനവിന് കാരണമായി ഫാമുകാർ പറയുന്നത്.
റംസാൻ വിഷു സീസൺ ലക്ഷ്യമിട്ട് കോഴിക്കുഞ്ഞുങ്ങളുടെ വില ഇതരസംസ്ഥാന ലോബി കുത്തനെ കൂട്ടിയിട്ടുണ്ട്. 18-19 രൂപയ്ക്ക് ലഭിച്ചിരുന്ന കോഴിക്കുഞ്ഞിന് 40 ലധികം രൂപ നൽകണം. നിലവിലെ വിലയിൽ കോഴിക്കുഞ്ഞിനെ തീറ്റയും പരിചരണവുമേകി വിൽക്കുമ്പോൾ കേരളത്തിലെ കർഷകർക്ക് കാര്യമായ വരുമാനം ലഭിക്കില്ല. കേരളത്തിൽ ഉത്പാദനം കൂടുമ്പോൾ വില കുറയ്ക്കുന്ന തന്ത്രവും തമിഴ്‌നാട് ലോബി പ്രയോഗിക്കുന്നുണ്ട്. കേരളത്തെ അപേക്ഷിച്ച് തമിഴ്നാട്ടിൽ ഉത്പാദനചെലവ് കുറവായതിനാൽ അവിടെ വില കുറച്ചാലും നഷ്ടമില്ല. എന്നാൽ വില താഴുന്നതോടെ കേരളത്തിലെ ചെറുകിട കോഴി കർഷകർക്ക് പിടിച്ചു നിൽക്കാൻ സാധിക്കില്ല. ഉത്പാദനച്ചെലവ് ലഭിക്കാതെ കർഷകർ കടക്കെണിയിലുമാവും. ഇത്തരത്തിൽ നിരന്തരം കോഴിവില കുറച്ചും കോഴിക്കുഞ്ഞുങ്ങളുടെ വില വർദ്ധിപ്പിച്ചുമുള്ള തമിഴ്നാട് ലോബിയുടെ തന്ത്രങ്ങളാണ് ജില്ലയിലെ ഭൂരിപക്ഷം ഫാമുകളും അടച്ചുപൂട്ടാൻ കാരണം. ജില്ലയിൽ 2000ത്തോളം കോഴിക്കടകൾ പ്രവർത്തിക്കുന്നുണ്ട്. ഇവരെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്. വിലകൂട്ടുന്നത് ചില്ലറ വ്യാപാരികളാണെന്നാണ് ഉപഭോക്താക്കൾ കരുതുന്നത്. അതുകൊണ്ട് ചില്ലറ വ്യാപാരികളെ കൊള്ളക്കാരായി ചിത്രീകരിക്കുകയും ചെയ്യുന്ന സാഹചര്യമാണ്.
@ നടപടിയില്ലെങ്കിൽ അനിശ്വിതകാല സമരം
കോഴി പൂഴ്ത്തിവെയ്പ്പുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം പ്രതിഷേധ സമരത്തിലേക്കും അനിശ്ചിതകാല കടയടപ്പ് സമരത്തിലേക്കും നീങ്ങേണ്ടി വരുമെന്ന് ചിക്കൻ വ്യാപാരി സമിതി ജില്ലാ സെക്രട്ടറി മുസ്തഫ കിണാശേരി അറിയിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മുസ്തഫ കിണാശേരി, ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹ്മാൻ മറ്റ് ജില്ലാ ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.