
കോഴിക്കോട് : കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി എം.കെ രാഘവന് 526181 രൂപയാണ് ആകെ ആസ്തിയെന്ന് സത്യവാങ്മൂലം. കെെയിലുളളത് 18,000 രൂപയും 24 ഗ്രാം സ്വർണവും മാത്രമാണ്. ഭാര്യ എം.കെ ഉഷയുടെ കൈവശം 80 ഗ്രാം സ്വർണവും 5000 രൂപയുമുണ്ട്. 44,600 രൂപ മതിക്കുന്ന എം.ആർ.പി.എല്ലിന്റെ 200 ഓഹരികൾ രാഘവന്റെ പേരിലും 7,95,172 രൂപയുടെ ഫെഡറൽ ബാങ്കിന്റെ 5310 ഓഹരികൾ ഭാര്യയുടെ പേരിലുമുണ്ട്. സ്വന്തമായി വീടോ വാഹനമോ സ്ഥലമോ സാമ്പത്തിക ബാദ്ധ്യതകളോ ഇല്ല. ഭാര്യയ്ക്ക് 37,10,594 രൂപയുടെ ആസ്തിയുണ്ട്. ഭാര്യയുടെ പേരിൽ 2011 മോഡൽ മാരുതി സ്വിഫ്റ്റ് കാറുണ്ട്.
ഇല്ലക്കാട്, കുഞ്ഞിമംഗലം എന്നിവിടങ്ങളിലായി 66 സെന്റ് സ്ഥലവുമുണ്ട്. കുഞ്ഞിമംഗലത്ത് 20 സെന്റ് സ്ഥലത്ത് 1400 ചതുരശ്ര അടിയും വേങ്ങേരി 13 സെന്റ് സ്ഥലത്ത് 3500 ചതുരശ്ര അടിയും വിസ്തീർണമുള്ള വീടുമുണ്ട്. 2,07,00,000 രൂപയാണ് ഭൂമിയുടെയും കെട്ടിടങ്ങളുടെയും വിപണിമൂല്യം. മരങ്ങാട്ടുപിള്ളി സർവിസ് സഹകരണബാങ്കിൽ 25,00,000 രൂപയുടെയും കല്ലായി എസ്.ബി.ഐ. ശാഖയിൽ 56,00,000 രൂപയും വായ്പയുണ്ട്. വ്യക്തിഗത വായ്പ ഉൾപ്പെടെ 1,26,00,000 രൂപയാണ് ഉഷയുടെ ആകെ ബാദ്ധ്യത. നടക്കാവ്, ടൗൺ, കണ്ണൂർ പൊലീസ് സ്റ്റേഷനുകളിലായി നാല് ക്രിമിനൽ കേസുകളാണ് രാഘവന്റെ പേരിലുള്ളത്.