1
കൂത്തുപറമ്പ് താഴെ പൂക്കോമിൽ വോട്ടർമാരെ കാണുന്ന യു.ഡി.എഫ് വടകര മണ്ഡലം സ്ഥാനാർത്ഥി ഷാഫി പറമ്പിൽ

കോഴിക്കോട്: പൊള്ളുന്ന ചൂടിലും വാടാതെ വേട്ടുറപ്പിക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞ് പ്രചാരണ രംഗത്ത് സജീവമായി ജില്ലയിലെ സ്ഥാനാർത്ഥികൾ. ദു:ഖവെള്ളിയും പെസഹാ ദിനത്തിലും ക്രിസ്തീയ ദേവാലയങ്ങളും ക്ഷേത്രങ്ങളും സന്ദർശിച്ച് പ്രാർത്ഥനാ വഴിയിലായിരുന്നു പ്രചാരണമെങ്കിൽ ഇന്നലെ വീടുകളും സ്ഥലങ്ങളും സന്ദർശിച്ചാണ് സ്ഥാനാർത്ഥികൾ പ്രചാരണം പൂർത്തിയാക്കിയത്. കുറ്റ്യാടി മണ്ഡലത്തിലായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയുടെ ഇന്നലത്തെ പര്യടനം.

മന്തരത്തൂർ വായനശാല, ചങ്ങരോത്ത് താഴ, ചെല്ലട്ടുപൊയിൽ, പതിയാരക്കര നോർത്ത് എൽ.പി സ്കൂൾ, കീഴൽ സ്കൂൾ, മേമുണ്ട, മയ്യന്നൂർ, കിസാൻ, വള്ള്യാട്, തണ്ടോട്ടി, തറോപൊയിൽ, പള്ളിയത്ത്, കേളോത്ത്‌മുക്ക്, കുറ്റ്യാടി ടൗൺ, കക്കട്ടിൽ, അരൂർ കോട്ടമുക്ക്, കടമേരി, കുനിങ്ങാട്, കല്ലേരി എന്നിവിടങ്ങളിൽ പ്രചാരണം നടത്തി. ദു:ഖവെള്ളി ദിനത്തിൽ പേരാമ്പ്ര മണ്ഡലത്തിൽ പ്രചരണം നടത്തിയ ശെെലജ നിപ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ വീട് സന്ദർശിച്ചു.

പാളയത്തെ തൊഴിലാളികളുടെ വമ്പിച്ച സ്വീകരണത്തോടെയാണ് കോഴിക്കോട് എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരംകരീം പര്യടനം ആരംഭിച്ചത്. രക്തഹാരമണിയിച്ചും മുദ്യാവാക്യങ്ങളോടെയും സ്ഥാനാർത്ഥിയെ സ്വീകരിച്ചു. ഉമ്മളത്തൂരിൽ നൂറു കണക്കിന് സ്ത്രീകളുൾപ്പെടെ സ്ഥാനാർത്ഥിയെ സ്വീകരിക്കാനെത്തി. പൂവങ്ങലിൽ കൊന്നപ്പൂ നൽകിയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. തൊണ്ടയാട് കോർപ്പറേഷൻ മേയർ ഡോ. ബീനാ ഫിലിപ്പ് ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്. തിറ, തെയ്യം കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് മാലാടത്ത് ജംഗ്ഷനിലേക്ക് സ്ഥാനാർത്ഥി എത്തിയത്.
കാളൂർ, മാങ്കാവ്, മൈലാമ്പാടി, പട്ടേൽ താഴം, കുളങ്ങര പീടിക എന്നിവിടങ്ങളിൽ പര്യടനം നടത്തി.

ഉത്സവം നടക്കുന്ന കിണാശ്ശേരി ദുർഗാ ഭഗവതി ക്ഷേത്രത്തിൽ എത്തിയ സ്ഥാനാർത്ഥിയെ ക്ഷേത്ര ഭരണ സമിതി അംഗങ്ങൾ, കൗൺസിലർ എന്നിവർ ചേർന്ന് സ്വീകരിച്ചു. കൂത്തുപറമ്പ് മണ്ഡലത്തിലായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പ്രചാരണത്തിനിറങ്ങിയത്. മീൻ മാർക്കറ്റിൽ മത്സ്യത്തൊഴിലാളികളോട് വോട്ടഭ്യർത്ഥിച്ചു. കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ കുടുംബസംഗമങ്ങളിൽ സജീവമായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ. കൊടുവള്ളി മുസ്ലിം ഓർഫനേജ് കുട്ടികളോടൊപ്പം പ്രാർത്ഥനയിൽ പങ്കെടുത്ത്, സി .എച്ചിന്റെ കബറിടത്തിൽ സന്ദർശനം നടത്തിയതിന് ശേഷം പ്രകടനമായെത്തി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മലയോര മേഖലയിലെ കർഷകരുടെ മനമറിഞ്ഞായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി സി.ആർ പ്രഫുൽ കൃഷ്ണന്റെ പര്യടനം. എടച്ചേരി, ഇരിങ്ങണ്ണൂർ പ്രദേശത്തെ കടകളിലും കാർഷിക മേഖലകളിലുമുള്ള വോട്ടർമാരെ കണ്ടു. തോഴിലുറപ്പ് തോഴിലാളികൾ, കൃഷിക്കാർ, മറ്റ് കാർഷിക മേഖലയിൽ തോഴിലെടുക്കുന്ന വോട്ടർമാരെ നേരിൽ കണ്ടു. കാശ്മീരിലെ ബാരാമുള്ളതിൽ തീവ്രവാദികളുടെ ഏറ്റുമുട്ടലിൽ വീര മൃത്യു വരിച്ച കോട്ടേ ബ്രത്തെ ധീര ജവാൻ ടി.പി ബിജേഷിന് ആദരാഞ്ജലികൾ അർപ്പിച്ചു.തുടർന്ന് തോട്ടിൽപ്പാലത്തു നിന്ന് ആരംഭിച്ച റോഡ് ഷോ കുറ്റ്യാടി, കക്കട്ട്, മൊകേരി, നാദാപുരം വഴി ഇരിങ്ങണ്ണൂരിൽ സമാപിച്ചു. പ്രചരണത്തിനിടെ സ്ഥാനാർത്ഥിയുടെ കാറിന് നേരെ അക്രമണമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മിഷനും പൊലീസിനും ബി.ജെ.പി തെരഞ്ഞടുപ്പ് കമ്മിറ്റി പരാതി നൽകി.

കോഴിക്കോട് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി രമേശ് കോഴിക്കോട് രൂപതാ ബിഷപ്പ് ഫാദർ വർഗീസ് ചക്കാലക്കലിനെ സന്ദർശിച്ച ശേഷമാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. തുടർന്ന് പൗരപ്രമുഖരുമായി ചർച്ച നടത്തി. ഉള്ള്യേരി ടൗണിലും പ്രചാരണം നടത്തി.