മൂക്കം: വയനാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ആനിരാജയുടെ പ്രചാരണത്തിന് പുരോഗമന കലാസാഹിത്യ സംഘവും. "നാം ഇന്ത്യക്കാർ" എന്ന അര മണിക്കൂർ തെരുവുനാടകവുമായാണ് പു.ക.സ തിരുവമ്പാടി മേഖല കമ്മിറ്റി രംഗത്തു വരുന്നത്. തിങ്കളാഴ്ച രാവിലെ 10ന് മുക്കത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദിയിൽ നാടകം അവതരിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നാടക രചനയും സംവിധാനവും നിർവഹിച്ചത് ഡോ. ജെയിംസ് പോൾ (ജനചേതന തിരുവമ്പാടി) ആണ്. നാടകപ്രവർത്തകരും അഭിനേതാക്കളുമായി 15 അംഗങ്ങളടങ്ങുന്ന സംഘം ചേർന്നൊരുക്കുന്ന നാടകത്തിൽ ഇന്ത്യയുടെ സമകാലിക രാഷ്ട്രീയം - ഗാന്ധി വധം മുതൽ പൗരത്വ നിയമത്തിലൂടെ നീളുന്ന കഥ - കണ്ണീരും ഹാസ്യവും കലർത്തി അവതരിപ്പിക്കും.