road
വടകര- ചേലക്കാട് റോഡ്

വടകരയിൽ നിന്ന് കുറ്റ്യാടി ചുരം വഴി വയനാട്ടിലേക്കുള്ള എളുപ്പ പാതയാണ് വടകര ചേലക്കാട് റോഡ്. മയ്യണ്ണൂർ, വില്യാപ്പള്ളി, കല്ലേരി, കുനിങ്ങാട്, തണ്ണിർപന്തൽ, കുമ്മങ്കോട്, ചേലക്കാടിലെത്തി വടകര-നാദാപുരം വഴി കുറ്റ്യാടിയിലേക്കുള്ള സംസ്ഥാനപാതയിൽ മുട്ടുന്ന റോഡ്. മൂന്ന് നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്നതാണ് വടകര-ചേലക്കാട് റോഡ്. ഏറിയാൽ വയനാട്ടിലേക്ക് 16 കിലോമീറ്റർ. വടകര, നാദാപുരം, കുറ്റ്യാടി നിയമസഭാ മണ്ഡലങ്ങളിലൂടെ പോകുന്ന റോഡിന്റെ വികസനത്തിനായി ശബ്ദിക്കാൻ മൂന്ന് എം.എൽ.എമാരും ഒരു എം.പിയും ഉണ്ടായിട്ടും കാൽ നൂറ്റാണ്ടായി നാട്ടുകൾ കേൾക്കുന്നത് ഒരേ കാര്യം...ഇപ്പ ശരിയാക്കും..ഇപ്പ ശരിയാക്കും!.

കോഴിക്കോട്: തിരഞ്ഞെടുപ്പുകൾ പലതു കഴിഞ്ഞിട്ടും വടകര -ചേലക്കാട് റോഡ് വികസനം എങ്ങുമെത്തിയില്ല. കുറ്റ്യാടി, തൊട്ടിൽപാലം വഴി വയനാട്ടിലേക്ക് വടകരയിൽ നിന്ന സൗകര്യപ്രദമായി പോകാൻ കഴിയുന്നതാണ് വടകര ചേലക്കാട് റോഡ്. കൈനാട്ടി, ഓർക്കാട്ടേരി മുതൽ നാദാപുരം വരെയുള്ള ടൗണുകളിൽ സ്ഥിരമായി അനുഭവപ്പെടുന്ന യാത്രാക്കുരുക്ക് അഴിക്കാനും വടകര-ചേലക്കാട് റോഡ് വികസനത്തോടെ സാദ്ധ്യമാവും. വടകര മുനിസിപ്പാലിറ്റിയും വില്ല്യാപ്പള്ളി , പുറമേരി, ആയഞ്ചേരി, നാദാപുരം പഞ്ചായത്തുകളും തൊട്ടു പോകുന്നതാണ് റോഡ്. ദേശീയപാതയെയും സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന 16 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് 12 മീറ്റർ വീതിയിൽ പണിയാനായിരുന്നു ഉദ്ദ്യേശം. അത്യാധുനിക രീതിയിൽ കിഫ് ബിയിൽ റോഡ് നവീകരിക്കാൻ 58.29 കോടി രൂപ വകയിരിത്തിയിരുന്നു. അതിനിടെ റോഡ് വികസനത്തിൽ സ്ഥലം നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്നും റോഡിന്റെ വീതി 10 മീറ്ററായി പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയും സ്വകാര്യ വ്യക്തികളും കോടതിയെ സമീപിച്ചു. ഇ.കെവിജയൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ പൊതുമരാമത്ത് വകുപ്പ് സ്ഥലം മാർക്ക് ചെയ്യുന്ന നടപടി തുടങ്ങിയിരുന്നെങ്കിലും യാതൊരു പ്രവൃത്തിയും നടന്നിട്ടില്ല. വടകര തെരു, വില്യാപ്പള്ളി, കല്ലേരി, തണ്ണീർപ്പന്തൽ, കുമ്മങ്കോട് എന്നീ പ്രദേശങ്ങൾ വഴിയാണ് റോഡ് ചേലക്കാട് സംസ്ഥാന പാതയോട് ചേരുന്നത്. കിഫ് ബി മുഖേനയുള്ള പ്രവർത്തനങ്ങൾക്ക് ഫ്രീ സറണ്ടറിൽ സ്ഥലം ലഭ്യമാക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ റോഡിന്റെ പ്രാധാന്യം കണക്കിലെടുത്ത് പൊളിക്കേണ്ടി വരുന്ന മതിലുകൾ കെട്ടുന്നതിനും മുറിച്ചു മാറ്റപ്പെടുന്ന കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്കുമായി സംസ്ഥാന സർക്കാർ പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും കുറ്റ്യാടി എം.എൽ.എ കുഞ്ഞമ്മദ് കുട്ടി പറഞ്ഞു. 2017-18 ധനകാര്യ വർഷത്തിൽ കിഫ് ബി ഫണ്ട് ഉപയോഗിച്ച് നവീകരിക്കാൻ പദ്ധതിയിട്ട രണ്ട് റോഡുകളിൽ ഒന്നാണിത്. നാദാപുരം -കൈ നാട്ടി റോഡ് നവീകരണം കഴിഞ്ഞിട്ടും വടകര -ചേലക്കാട് റോഡ് എങ്ങും എത്തിയിട്ടില്ല. ഇനിയും താമസിച്ചാൽ അനുവദിച്ച ഫണ്ട് നഷ്ടപ്പെടുമോ എന്ന ആശങ്ക ശക്തമാണ്.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ കാഹളത്തിൽ വടകര, കുറ്റ്യാടി, നാദാപുരം നിയമസഭാ മണ്ഡലങ്ങളിൽ കൂടി പോകുന്ന ചേലക്കാട് റോഡ് വികസനം ചർച്ചയാകുമോ എന്നാണ് നാട്ടുകാരുടെ ചോദ്യം.

വടകര- ചേലക്കാട് റോഡിന്റെ കഥ
കുറ്റിപ്രം കോവിലകത്തിന് കീഴിലായിരുന്ന വടകര- ചേലക്കാട് റോഡ്. ഏറെ വിസ്തൃതിയുള്ള റോഡ് . പൊന്മേരി ക്ഷേത്രം ലക്ഷ്യം വച്ച് ടിപ്പുവിന്റെ പട എത്തിയത് ഇതുവഴി ആയിരുന്നെന്ന് പറയുന്നു. സർവേ നടത്തി നേരത്തെ ഉണ്ടായിരുന്ന റോഡിന്റെ സ്ഥലം വീണ്ടെടുക്കണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം.