1
കോഴിക്കോട് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി രമേശ് കോഴിക്കോട് രൂപതാ ബിഷപ്പ് ഫാദർ വർഗീസ് ചക്കാലക്കലിനെ സന്ദർശിച്ചപ്പോൾ

കോഴിക്കോട്: ഈസ്റ്റർ ദിനത്തിൽ ആശംസകളുമായി സ്ഥാനാർത്ഥികളുടെ പര്യടനം. നാദാപുരത്തെ നാട്ടിൻ പുറങ്ങളിൽ ആവേശത്തിരയിളക്കിയായിരുന്നു വടകര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയുടെ ഇന്നലത്തെ പര്യടനം. പൂക്കൾ വിതറിയും ബാന്റ് വാദ്യങ്ങളുടെയും ശിങ്കാരിമേളത്തിന്റെ അകമ്പടിയിൽ സ്നേഹോഷ്മള വരവേൽപ്പാണ് ലഭിച്ചത് .രാവിലെ
മരുതോങ്കര മുണ്ടകുറ്റിയിലായിരുന്നു ആദ്യ സ്വീകരണം.തുവ്വാട്ട് പൊയിലെ സ്വീകരണത്തിന് ശേഷം കുണ്ടുത്തോട്ടിൽട്ടിൽ വാളും പരിചയും നൽകി ഉജ്വല വരവേൽപ്പ്. തൊട്ടിൽ പാലം ടൗണിൽ വിദേശ സഞ്ചാരി ഹാരി ടീച്ചർക്കൊപ്പം സെൽഫിയെടുത്തത് വേറിട്ട കാഴ്ചയായി. കായക്കൊടിയിൽ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. കൈവേലിയിൽ കണിക്കൊന്ന നൽകി വരവേറ്റു. കരുകുളം പുഷ്പ്പവൃഷ്ടി നടത്തി. ചുഴലി, വളയം, കുറുവന്തേരി, പാറക്കടവ്, തൂണേരി, വെള്ളൂർ, ഇരിങ്ങണ്ണൂർ, എടച്ചേരി, കല്ലാച്ചി, എന്നിവിടങ്ങളിലെ ഉജ്വല സ്വീകരണത്തിന് ശേഷം കുമ്മങ്കോട് പര്യടനം സമാപിച്ചു.

ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു കോഴിക്കോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീമിന്റെ പര്യടനം. രാവിലെ കാന്തപുരത്ത് നിന്നായിരുന്നു തുടക്കം. ഇയ്യാട്, കപ്പുറം അങ്ങാടി, എകരൂൽ, ഏഴുകണ്ടി, കണ്ണാടിപൊയിൽ, പനങ്ങാട് നോർത്ത്, ബാലുശ്ശേരി ബ്ലോക്ക് ഓഫീസ്, കുന്നക്കൊടി, കണ്ണിപ്പൊയിൽ, വേളൂർ, കൊടശ്ശേരി, മാമ്പൊയിൽ, മുണ്ടോത്ത്, ഒളളൂർ അങ്ങാടി തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തി. തലശ്ശേരിയിലായിരുന്നു വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പ്രചാരണത്തിനിറങ്ങിയത്. ഏഴു മണിയോടെ തലശേരി മുകുന്ദ് ജംഗ്‌ഷനിലെ അറീന ടർഫിലാണ് സ്ഥാനാർത്ഥി ആദ്യമെത്തിയത്. തുടർന്ന് ക്രിക്കറ്റിൽ പങ്കുചേ‌ർന്നു.

ഈസ്റ്റർ ദിനത്തിൽ വിശ്വാസികൾക്ക് ആശംസകളുമായി കോഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ

ദേവാലയങ്ങളിൽ എത്തി. ഉയിർപ്പിന്റെ ദിവ്യസ്മരണ പുതുക്കി ദേവാലയങ്ങളിൽ പ്രാർത്ഥനയ്ക്ക് എത്തിയ വിശ്വാസികൾക്ക് ഈസ്റ്റർ ആശംസകൾ നേർന്നു. കോഴിക്കോട് നടക്കാവിലുള്ള സെന്റ് മേരീസ് ചർച്ച് (ഇംഗ്ലീഷ് പളളി), ബിലാത്തികുളം പളളി, മാനാഞ്ചിറ കത്തീഡ്രൽ പളളി എന്നീ ദേവാലയങ്ങളാണ് സ്ഥാനാർത്ഥി സന്ദർശിച്ചത്. ഇന്നലെ വൈകിട്ട് ഈസ്റ്റ് ഹിൽ പള്ളിയിലും എം.കെ.രാഘവൻ സന്ദർശനം നടത്തി.

നാദാപുരം മണ്ഡലത്തിലായിരുന്നു വടകര മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി.ആർ പ്രഫുൽ കൃഷ്ണന്റെ പര്യടനം. പള്ളികൾ സന്ദർശിച്ച് വിശ്വാസികൾക്ക് ഈസ്റ്റർ ആശംസകൾ നേർന്നു. കോഴിക്കോട് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി രമേശ് കോഴിക്കോട് രൂപതാ ബിഷപ്പ് ഫാദർ വർഗീസ് ചക്കാലക്കലിനെ സന്ദർശിച്ച ശേഷം പ്രചാരണത്തിന് തുടക്കം കുറിച്ചു. തുടർന്ന് പൗരപ്രമുഖരുമായി ചർച്ച നടത്തി. ഉള്ള്യേരി ടൗണിലും പ്രചാരണം നടത്തി. വെള്ളിമാട് കുന്ന് എൻ.ജി. ഒ ക്വാട്ടേഴ്സ് , ചേവായൂർ തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി ക്രൈസ്തവ വീടുകളിലും സന്ദർശനം നടത്തി.