conclave

@ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ: കേരളകൗമുദിയുടെ 113-ാം വാർഷികത്തിന്റെയും കൗമുദി ടി.വിയുടെ പത്താം വാർഷികത്തിന്റെയും ഭാഗമായി വയനാടിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി സംഘടിപ്പിച്ച 'എമേർജിംഗ് വയനാട് ' കോൺക്ലേവ് വൈത്തിരി വില്ലേജ് റിസോർട്ടിൽ രജിസ്‌ട്രേഷൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിലപാടുകളിലും സത്യസന്ധതയിലും ഉറച്ചു നിൽക്കുന്നതാണ് കേരളകൗമുദിയുടെ സവിശേഷതയെന്ന് മന്ത്രി പറഞ്ഞു. സ്വന്തം പത്രമെന്ന വൈകാരികതയാണ് തനിക്ക് കേരളകൗമുദിയുമായുള്ളത്. ശ്രീനാരായണഗുരു മുന്നോട്ടുവെച്ച സന്ദേശം പത്രത്തിലൂടെ എങ്ങനെ ജനങ്ങളിലേക്ക് എത്തിക്കാമെന്ന് തെളിയിച്ചത് കൗമുദിയാണ്. സർക്കാരുകളുടെ തെറ്റ് തിരുത്താനും നയിക്കാനും പുതിയ ആശയങ്ങൾ മുന്നോട്ടുവയ്ക്കാനും പത്രത്തിന് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

കേരളകൗമുദി യൂണിറ്റ് ചീഫ് എം.പി. ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു. ചെറുവയൽ രാമൻ, വനിത ക്രിക്കറ്റ് താരം മിന്നുമണിക്കുവേണ്ടി പിതാവ് മണി, ലിയോ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടറും ലിയോ മെട്രോ കാർഡിയാക് സെന്റർ ചെയർമാനുമായ ഡോ. ടി.പി.വി സുരേന്ദ്രൻ, മാർത്ത ഫുഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ സി.എം.തോമസ്, യു.എഫ്.പി.എ സ്ഥാപക ചെയർമാനും മെന്ററുമായ സാബു കണ്ണക്കാംപറമ്പിൽ, കോഴിക്കോട് ആയുർവേദിക് ഫാർമസി ഡയറക്ടർ ഡോ. വി. സത്യാനന്ദൻ നായർ, ഓറിയന്റൽ ഗ്രൂപ്പ് ഒഫ് എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ എക്സിക്യുട്ടീവ് ട്രസ്റ്റി നദീം അഷ്‌റഫ്, നീലഗിരി കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് കാമ്പസ് മാനേജർ ഉമ്മർ.പി.എം, അഡ്വ. പി. ചാത്തുകുട്ടി (ശ്രീനാരായണ ഗുരു കോളേജ് കോയമ്പത്തൂർ) എന്നിവർ മന്ത്രിയിൽ നിന്ന് കേരളകൗമുദിയുടെ ആദരം ഏറ്റുവാങ്ങി.

കേരളകൗമുദി വയനാട് ബ്യൂറോ ചീഫ് പ്രദീപ് മാനന്തവാടി സ്വാഗതവും കൗമുദി ടി.വി നോർത്ത് ഹെഡ് കെ.വി രജീഷ് നന്ദിയും പറഞ്ഞു.