kaduvaaa

മുണ്ടക്കയം ഈസ്റ്റ്: പ്രദേശവാസികളുടെയും തൊഴിലാളികളുടെയും നെഞ്ചിടിപ്പേറ്റി റ്റി.ആർ ആൻഡ് ടി ചെന്നാപ്പാറ എസ്റ്റേറ്റിൽ വീണ്ടും കടുവയുടെ സാന്നിധ്യം. കഴിഞ്ഞദിവസം കടുവയെ കണ്ട് ഭയന്നോടിയ ടാപ്പിംഗ് തൊഴിലാളിക്ക് വീണ് പരിക്കേറ്റു. ചെന്നാപ്പാറ മണ്ണെങ്കിൽ സുബൈദ (47) ആണ് കടുവയുടെ കൺമുമ്പിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കാലിന് പരിക്കേറ്റ സുബൈദ മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.ടാപ്പിംഗ് ഡിവിഷനിലെ കാടുകൾ വെട്ടി തെളിയ്ക്കാൻ മറ്റ് തൊഴിലാളികൾക്ക് ഒപ്പമാണ് സുബൈദയും ചെന്നാപ്പാറ എ ഡിവിഷനിൽ എത്തിയത്. കാട് വെട്ടിത്തെളിച്ച് സുബൈദ എത്തിയത് റബർ മരത്തിനിടയിൽ കുറ്റിക്കാട്ടിൽ കിടക്കുന്ന കടുവയ്ക്ക് മുന്നിലാണ്. ഇതോടെ ഭയന്ന് നിലവിളിച്ച സുബൈദ ഓടിരക്ഷപ്പെടുകയായിരുന്നു. നിലവിളികേട്ട് സമീപ പ്ലോട്ടുകളിൽ നിന്നും തൊഴിലാളികൾ എത്തിയതാണ് സുബൈദയ്ക്ക് രക്ഷയായത്. സുബൈദയും ഭർത്താവ് കുഞ്ഞുമോനും ദീർഘനാളായി എസ്റ്റേറ്റ് ജീവനക്കാരാണ്.

കൂട് സ്ഥാപിച്ചിട്ടും കുടുങ്ങിയില്ല

മുമ്പ് എസ്റ്റേറ്റിലെ വിവിധ ഇടങ്ങളിൽ കാലികളെ വ്യാപകമായി കൊന്നതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കൂട് സ്ഥാപിച്ച് ദിവസങ്ങോളം കടുവയ്ക്കായി കാത്തിരുന്നു. എന്നാൽ കടുവ കൂട്ടിൽ പെടാത്തതിനെ തുടർന്ന് വനംവകുപ്പ് തന്നെ കൂട് എടുത്തുകൊണ്ടുപോയി. ദിവസവും പ്രദേശത്ത് നിന്നും കടുവയുടെ ശബ്ദം കേൾക്കുന്നതായി തൊഴിലാളികൾ പറയുന്നു.

കടുവ കൊന്ന വളർത്തുമൃഗങ്ങൾ: 25 ലേറെ

ജീവൻ പണയം വെച്ചാണ് ഞങ്ങൾ ടാപ്പിംഗിനും കളവെട്ടിനുമിറങ്ങുന്നത്. ഏത് നിമിഷവും തങ്ങൾക്ക് അപകടം സംഭവിക്കാം എന്നതാണ് അവസ്ഥ.

തൊഴിലാളി