കോട്ടയം: കഴിഞ്ഞ അഞ്ചു വർഷത്തെ വികസനപ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തി തോമസ് ചാഴികാടൻ എം.പി വികസനരേഖ പുറത്തിറക്കി. 4,100 കോടിയുടെ പദ്ധതികളാണ് മണ്ഡലത്തിൽ എത്തിച്ചത്. മന്ത്രി വി.എൻ.വാസവൻ രേഖ പ്രകാശനം ചെയ്തു.

എം.പി എന്ന നിലയിൽ എ പ്ലസ് കൊടുക്കാൻ പറ്റുന്ന പ്രവർത്തനമാണ് തോമസ് ചാഴികാടന്റേതെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. പാർലമെന്ററി ജനാധിപത്യവേദികളിൽ എം.പിയുടെ പ്രവർത്തനം എങ്ങനെയായിരിക്കണം എന്നതിനും അദ്ദേഹം മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

ജോസ് കെ.മാണി എം.പി അദ്ധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി ബി ബിനു, സി.പി.എം ജില്ലാ സെക്രട്ടറി എ.വി. റസ്സൽ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ.ലോപ്പസ് മാത്യു, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ.അനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു തുടങ്ങിയവരും പങ്കെടുത്തു.