സ്ഥിരീകരിച്ച് വനംവകുപ്പ്, ആശങ്കയേറി
മുണ്ടക്കയം: ടി.ആർ.ആൻഡ്.ടി എസ്റ്റേറ്റിൽ കഴിഞ്ഞദിവസമിറങ്ങിയത് കടുവ തന്നെയാണെന്ന് വനംവകുപ്പിന്റെ സ്ഥിരീകരണം. ഇന്നലെ എസ്റ്റേറ്റിൽ വനപാലകരും തൊഴിലാളികളും തെരച്ചിലിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. ഈ സാഹചര്യത്തിൽ കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കും. കാടുകയറിക്കിടക്കുന്ന റബർ എസ്റ്റേറ്റിൽ കടുവയുടെ സാന്നിധ്യം മുമ്പും സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞദിവസം എസ്റ്റേറ്റിൽ ജോലിക്കെത്തിയ സ്ത്രീ കടുവയുടെ മുമ്പിൽപ്പെട്ടിരുന്നു. ഇവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. എസ്റ്റേറ്റിൽ നാല് കടുവകളുടെ സാന്നിധ്യമുള്ളതായാണ് തൊഴിലാളികൾ പറയുന്നത്. രാത്രിയിൽ ഒന്നിലേറെ കടുവകളുടെ മുരൾച്ച വിവിധ ലയങ്ങളിൽ കഴിയുന്നവർ കേൾക്കാറുണ്ട്. സമീപവർഷങ്ങളിൽ മേയാൻവിട്ട 30 ആടുകളെയും 20 പശുക്കളെയും ഇപ്പോഴും കണ്ടെത്തിയിട്ടില്ല. പലപ്പോഴായി 50ലേറെ നായ്ക്കളെയും കടുവ പിടികൂടിയതായി സംശയിക്കുന്നു.
കടുവ മുതൽ കാട്ടുപോത്ത് വരെ
കടുവയ്ക്ക് പുറമേ പുള്ളിപ്പുലിയും കരടിയും കാട്ടുപോത്തും തോട്ടത്തിൽ എത്തുന്നതായി സംശയിക്കുന്നു. മുപ്പതോളം കാട്ടാനകൾ സമീപവന ങ്ങളിൽ നിന്ന് റബർ എസ്റ്റേറ്റിലേക്ക് എത്താറുണ്ട്.
അടിക്കാട് തെളിക്കാതെ ജോലിക്കില്ല
തോട്ടത്തിലെ അടിക്കാട് തെളിക്കാതെ ഇനി ടാപ്പിംഗ് ജോലിക്ക് പോകില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. യൂണിയനുകളുടെ ഇടപെടലിൽ കാടുവെട്ടിത്തെളിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പുനൽകിയിട്ടുണ്ട്. ഓരോ തൊഴിലാളിക്കും 400 വീതം റബറുകളുള്ള നാല് ബ്ലോക്കുകളാണ് ടാപ്പിംഗിന് അനുവദിക്കുക. ഓരോ വർഷവും കുറിയിട്ടാണ് ബ്ലോക്കുകൾ നിശ്ചയിക്കുക. ആഴ്ചയിൽ ആറു ദിവസവും ഈ ബ്ലോക്കുകൾ മാറിമാറി ടാപ്പ് ചെയ്ത് ലാറ്റക്സ് സംഭരണ കേന്ദ്രങ്ങളിൽ എത്തിക്കണം.വർഷങ്ങളായി ടാപ്പിംഗ് മുടങ്ങിക്കിടക്കുന്ന ബ്ലോക്കുകളും ഇത്തവണ കുറിയിട്ടതിൽ വന്നിട്ടുണ്ട്. പല ബ്ലോക്കുകളും വനത്തിന് സമാനമാണെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
തോട്ടത്തിന്റെ എല്ലാ ഭാഗത്തും നിരീക്ഷണ കാമറ സ്ഥാപിക്കണമെന്നും ആവശ്യം
എസ്റ്റേറ്റ്: 12 കിലോമീറ്റർ ചുറ്റളവിൽ
വിഷയത്തിൽ വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് അടിയന്തിര നടപടിയുണ്ടാകണം. നിലവിലെ സാഹചര്യത്തിൽ ജോലിക്കിറങ്ങാൻ ബുദ്ധിമുട്ടുണ്ട്.
തൊഴിലാളികൾ