mgu

കോട്ടയം : പുലിപതുങ്ങുന്നത് കുതിക്കാനെന്ന വാചകം അന്വർത്ഥമാക്കി ബദ്ധവൈരികളായ എറണാകുളം സെന്റ്.തേരേസാസിനെ മലർത്തിയടിച്ച് മഹാരാജാസ് കോളേജ് എം.ജി സർവകലാശാല കലോത്സവത്തിൽ കിരീടം ചൂടി. കഴിഞ്ഞ തവണത്തെ ചാമ്പ്യൻമാരായ സെന്റ് തെരേസാസിനെ അവസാന റൗണ്ടുകളിലെ മികവിൽ പിന്നിലാക്കിയാണ് മഹാരാജാസിന്റെ രാജകീയ വിജയം. ആദ്യദിനങ്ങളിൽ തേരോട്ടം നടത്തിയ തേവര എസ്.എച്ചിന് മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തേവരയുടെ നന്ദന കൃഷ്ണയും സെന്റ്.തെരേസാസിലെ സേതുലക്ഷ്മിയും കലാതിലകപ്പട്ടം പങ്കിട്ടു. തൃപ്പൂണിത്തുറ ആർ.എൽ.വിയിലെ എസ്.വിഷ്ണുവാണ് കലാപ്രതിഭ. ട്രാൻസ്‌ജെൻഡേഴ്സ് വിഭാഗത്തിനുള്ള പ്രതിഭാതിലക പട്ടത്തിന് സെന്റ് തെരേസാസിലെ സഞ്ജനചന്ദ്രൻ അർഹയായി. തുടക്കം മുതൽ എറണാകുളം കോളേജുകളുടെ മത്സരമായിരുന്നെങ്കിലും അവസാന രണ്ട് ദിവസങ്ങളിലെ കുതിപ്പിലാണ് ചിത്രത്തിലേയില്ലായിരുന്ന മഹാരാജാസിനെ രാജാക്കന്മാരാക്കിയത്. മഹാരാജാസ് 129 പോയിന്റ് നേടിയപ്പോൾ, 111 പോയിന്റാണ് സെന്റ് തെരേസാസിന്. ഒരു ഘട്ടത്തിൽ കിരീടം ഉറപ്പിച്ച തൃപ്പൂണിത്തുറ ആൽ.എൽ.വി അവസാന നിമിഷം 102 പോയിന്റോടെ നാലാംസ്ഥാനത്തായി. തുടക്കത്തിൽ മേധാവിത്വം പുലർത്തിയ തേവരയ്ക്കും 102 പോയിന്റാണ് ലഭിച്ചത്. 40 പോയിന്റ് നേടിയ ആലുവ യു.സി കോളജിനാണ് അഞ്ചാംസ്ഥാനം. സമാപന സമ്മേളനം മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.