sb

ആൺപിള്ളേരുടെ മാർഗം കളിയോ? വല്ലവരും തമാശയ്ക്ക് പേര് കൊടുത്തതാകുമെന്ന് കരുതി ചിരിച്ചവർക്ക് മുന്നിലാണ് ചങ്ങനാശേരി എസ്.ബി കോളേജിലെ പിള്ളേർ മൂന്നാംസ്ഥാനം നേടി തിളങ്ങിയത്. മാർഗംകളിയിലെ കോട്ടയം പെരുമ ഇക്കുറിയും നിലനിന്നു. ഒന്നാം സ്ഥാനം ബി.സി.എം കോളേജും രണ്ടാം സ്ഥാനം സി.എം.എസ് കോളേജിനുമാണ്. പത്ത് വ‌ർഷത്തിന് ശേഷമാണ് എസ്.ബിയിലെ ആൺകുട്ടികൾ മാർഗം കളിയിൽ പാദമൂന്നിയത്. അന്ന് കോട്ടയത്ത് നടന്ന കലോത്സവത്തിലെ മത്സരാർത്ഥി ജോബിൻ ഇക്കുറി ഗുരുവായി. പെൺകുട്ടികൾക്കൊപ്പം തകർത്തു. നെടുങ്കുന്നം സ്വദേശിയായ ജോബിൻ സൺഡേ സ്കൂൾ കാലത്താണ് മാർഗം കളിപഠിച്ചത്. ഇപ്പോൾ കലോത്സവങ്ങളിൽ മാർഗം കളി ആശാനാണ്. പ്രായഭേദമന്യേ എല്ലാവരേയും പഠിപ്പിക്കും. വന്ദന ഗാനം ഉൾപ്പെടെ ഏഴ് പാദങ്ങളാണ് അവതരിപ്പിച്ചത്. നിഥിൻ, ജൊഹാൻസ്, നവീൻ, സാവ്യോ, ജിഷ്ണു, സാവ്യോ,കൃഷ്ണാനന്ദ്, യദു, അലൻ, സിബിൻ, ജോസഫ്, ജെഫിൻ എന്നിവരാണ് മത്സരിച്ചത്.