കോട്ടയം : ലോക്‌സഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ വിവിധ നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രധാന നേതാക്കളെയും പ്രവർത്തകരെയും നേരിട്ട് കണ്ട് വോട്ടഭ്യർത്ഥിച്ചു. ഇന്നലെ രാവിലെ പുല്ലരിക്കുന്ന് പള്ളി വികാരിയുടെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കേരള വേളാർ സർവീസ് സൊസൈറ്റി സംസ്ഥാന കൗൺസിൽ സമ്മേളനത്തിലും വിദ്യാഭ്യാസ അവാർഡ് വിതരണത്തിലും പങ്കെടുത്തു. പിന്നീട് കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയ ചടങ്ങിലും സംബന്ധിച്ചു. ആശുപത്രിയിലും കടനാട് ടൗണിലും സ്ഥാനാർത്ഥിയെ കാണാൻ നാട്ടുകാർ തടിച്ചുകൂടി. കെട്ടിപ്പിടിച്ചും ആശ്ലേഷിച്ചുമാണ് പലരും തങ്ങളുടെ സ്‌നേഹം പങ്കുവച്ചത്. തുടർന്ന് ദന്തൽ കോളേജിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ പുതിയ കെട്ടിടം ഉദ്ഘാടന ചടങ്ങിലും സ്ഥാനാർത്ഥിയെത്തി. അയ്മനം പിഎച്ച്‌സിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനത്തിലും സ്ഥാനാർത്ഥി സാന്നിദ്ധ്യമറിയിച്ചു.
മാഞ്ഞൂരിൽ ബൂത്ത് കൺവൻഷനിലും കടുത്തുരുത്തിയിൽ കുടുംബയോഗത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി എൽ ഡി എഫ് നേതൃയോഗങ്ങളും സജീവമാണ്. ഇന്നലെ അയർക്കുന്നം, അകലക്കുന്നം,എലിക്കുളം മേഖലാ യോഗങ്ങൾ ചേർന്നു. ഇന്ന് മേലുകാവ്, രാമപുരം, പാല മേഖലകളിലെ നേതൃസംഗമം നടക്കും.