
കോട്ടയം: കുട്ടനാടൻ അപ്പർ കുട്ടനാടൻ മേഖലകളിൽ കൊയ്ത്തു പൂർത്തിയാകാത്ത സാഹചര്യത്തിൽ തണ്ണീമുക്കം ബണ്ട് തുറക്കൽ രണ്ടു മാസം വരെ നീണ്ടേക്കും. ഇതോടെ വേമ്പനാട്ടുകായലിലും സമീപ ആറുകളിലും തോടുകളിലും ജലമലിനീകരണം രൂക്ഷമാകും. പകർച്ച വ്യാധികളടക്കം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും ഇത് വഴിയൊരുക്കും. പടിഞ്ഞാറൻ മേഖലയിൽ ഏപ്രിൽ അവസാനത്തോടെ മാത്രമേ കൊയ്ത്ത് പൂർത്തിയാകൂ. ഇപ്പോൾ ബണ്ട് തുറന്നാൽ ഉപ്പുവെള്ളം പാടങ്ങളിലെത്തി മൂപ്പെത്തിയ നെല്ലു നശിക്കുമെന്നതിനാൽ പാടശേഖരസമിതികൾ ബണ്ട് തുറക്കാൻ അനുവദിക്കില്ല. ഒഴുക്ക് നിലച്ചതോടെ കായലിലും ആറുകളിലും പായൽ നിറഞ്ഞു മത്സ്യങ്ങൾക്ക് ജീവവായു ലഭിക്കാത്ത സ്ഥിതിയായതോടെ ബണ്ട് 15ന് തന്നെ തുറക്കണമെന്ന ആവശ്യവുമായി മത്സ്യ തൊഴിലാളി സംഘടനകൾ രംഗത്തെത്തിയത് അധികൃതർക്ക് തലവേദനയായി.
പായൽ നിറഞ്ഞത് വെല്ലുവിളി
തണ്ണീമുക്കം ബണ്ട് അടച്ചതോടെ വേലിയേറ്റം വേലിയിറക്ക പ്രക്രിയ ഇല്ലാതായി. പായൽ നിറഞ്ഞത് കുമരകം-മുഹമ്മ ഫെറി സർവീസും കോട്ടയം - ആലപ്പുഴ ബോട്ട് സർവീസും പ്രതിസന്ധിയിലാക്കും. ഹൗസ് ബോട്ടുകൾ പായലിൽ കുരുങ്ങുന്നത് കായൽ ടൂറിസത്തെയും ബാധിച്ചു. കുമരകം,അയ്മനം, ആർപ്പൂക്കര, തിരുവാർപ്പ്, വൈക്കം, വെച്ചൂർ ഉൾപ്പെടെ അപ്പർ കുട്ടനാടൻ മേഖലകളിൽ രൂക്ഷമായ പാരിസ്ഥിതിക പ്രശ്നത്തിനും ഇത് വഴിയൊരുക്കി.
ഒന്നും കൃത്യമല്ല
മത്സ്യപ്രജനനത്തേയും നെൽകൃഷിയേയും ബാധിക്കും എന്നതിനെ ആശ്രയിച്ചാണ് ബണ്ട് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നത്. കൃഷി കലണ്ടർ അനുസരിച്ച് ഒരുപോലെ കൃഷി ജോലികൾ ആരംഭിക്കാത്തതിനാൽ എല്ലാ വർഷവും തുറക്കൽ വൈകും.
പോളയും പായലും നിറഞ്ഞ് കായലും തോടുകളും ചീഞ്ഞുനാറുകയാണ്. വെള്ളം ഉപയോഗിക്കാനോ തോടുകളിൽ ഇറങ്ങി കുളിക്കാനോ അലക്കാനോ കഴിയുന്നില്ല. ബന്ധപ്പെട്ടവർ അനങ്ങാപ്പാറ നയം തുടരുകയാണ് .
(പത്മനാഭൻ നാട്ടുകാരൻ )
വേമ്പനാട്ടുകായലിൽ സ്വാഭാവികമായ ശുദ്ധീകരണ പ്രക്രിയക്കായി പരീക്ഷണാടിസ്ഥാനത്തിൽ ബണ്ട് ഒരു വർഷം തുറന്നിടണമെന്ന പരിസ്ഥിതി വിദഗ്ദ്ധരുടെ ആവശ്യവും പരിഗണിച്ചിട്ടില്ല.
ഡോ.ശ്രീകുമാർ (പരിസ്ഥിതി പ്രവർത്തകൻ )
ബണ്ട് അടയ്ക്കേണ്ടത്: ഡിസംബർ 15
ബണ്ട് തുറക്കേണ്ടത്: മാർച്ച് 15
(കാർഷിക കലണ്ടർ പ്രകാരം)