karukachal-bus-stand

കറുകച്ചാൽ: നൂറുകണക്കിന് ബസുകൾ പ്രതിദിനം കയറിയിറങ്ങുന്ന കറുകച്ചാൽ ബസ് സ്റ്റാൻഡിന് ആവശ്യത്തിന് സ്ഥലമുണ്ടെങ്കിലും ഒരു ക്രമീകരണങ്ങളുമില്ല. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ തലങ്ങും വിലങ്ങും പായുന്ന ബസുകൾക്കിടയിലൂടെയാണ് യാത്രക്കാർ ജീവൻ മുറുകെ പിടിച്ച് സഞ്ചരിക്കുന്നത്. ഞായറാഴ്ച രാവിലെ ബസിടിച്ച് യുവതി മരിച്ചതാണ് അവസാന സംഭവം. മുൻപ് നിരവധി അപകടങ്ങളാണ് സ്റ്റാൻഡിൽ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം യാത്രക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങിയ സംഭവമുണ്ടായപ്പോൾ സുരക്ഷാ ക്രമീകരണങ്ങൾ വേണമെന്ന് ആവശ്യമുയർന്നു. മുൻപും പലവട്ടം യാത്രക്കാർക്ക് പരിക്കേറ്റ സംഭവങ്ങളുണ്ടായി. ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന ബസ് സ്റ്റാൻഡിനുള്ളിൽ പൊലീസിന്റെ സേവനം പോലുമില്ല. പൊലീസ് എയ്ഡ് പോസ്റ്റ് പൂട്ടിയിട്ട് വർഷങ്ങളായി.

സർവത്ര പ്രശ്‌നങ്ങൾ

സുരക്ഷാ സംവിധാനമില്ല, ബസുകൾ നിർത്തിയിടാൻ ക്രമീകരണങ്ങളോ, റൺവേയോ ഇല്ല. യാത്രക്കാർ ബസ് കാത്തു നിൽക്കുന്നത് കടത്തിണ്ണകളിൽ. ഇതിനെല്ലാം പുറമേ ബസ് സ്റ്റാൻഡിനുള്ളിലെ അനധികൃത പാർക്കിംഗ്. ഇങ്ങനെയാണ് കറുകച്ചാൽ ബസ്റ്റാൻഡ്. സാധാരണ എല്ലാ ബസ്റ്റാൻഡുകളിലും ബസുകൾ പ്രവേശിക്കുന്നതും പുറത്തേക്ക് ഇറങ്ങുന്നതും രണ്ട് വഴികളിലൂടെയാണ്. കറുകച്ചാലിൽ വാഴൂർ റോഡിലും മണിമല റോഡിലും പ്രവേശന കവാടമുണ്ട്. പക്ഷേ പുറത്തേക്ക് ഇറങ്ങുന്നത് വാഴൂർ റോഡിലെ കവാടത്തിലൂടെ മാത്രം. ഇതിനിടയിലൂടെ വേണം യാത്രക്കാർ നടക്കാൻ. ആവശ്യത്തിന് സ്ഥലമുണ്ടെങ്കിലും ബസുകൾ നിർത്തിയിടുന്നത് സ്റ്റാൻഡിന്റെ നടുഭാഗത്താണ്. ആറ് ബസുകൾ നിർത്തിയിടാനുള്ള സ്ഥലം വെറുതെ ഒഴിഞ്ഞു കിടക്കും. ഇവിടെ അന്യ വാഹനങ്ങളാണ് പാർക്ക് ചെയ്യുന്നത്. സ്റ്റാൻഡിൽ കയറാതെ റോഡിൽ ബസ് നിർത്തി ആളെ കയറ്റുന്നതും പതിവാണ്.