
വൈക്കം : വെച്ചൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ സ്രാമ്പിമറ്റത്ത് നിർമ്മിച്ച കുമാരനാശാൻ സ്മാരക ലൈബ്രറി കെട്ടിട നിർമ്മാണം പൂർത്തിയായെങ്കിലും അനുബന്ധ ജോലികൾ വൈകുന്നു. ആരും തിരിഞ്ഞ് നോക്കാതായതോടെ കെട്ടിടം കാടുകയറുകയാണ്. സി.കെ.ആശ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. പാടശേഖരങ്ങൾക്ക് സമീപമുള്ള ചതുപ്പായ പുരയിടത്തിൽ കെട്ടിടം നിർമ്മിക്കുന്നത് ബലക്ഷയത്തിനിടയാക്കുമെന്ന് എൻജിനിയറിംഗ് വിഭാഗം നിർദ്ദേശിച്ചതിനെ തുടർന്ന് അടിത്തറ തീർക്കാൻ പണച്ചെലവേറെയായെന്ന് ലൈബ്രറി ഭാരവാഹികൾ പറയുന്നു. നിരവധി തെങ്ങുകൾ പൈലിംഗിന് ഉപയോഗിച്ചു. അടിത്തറ ബലപ്പെടുത്തലിനായി കനത്തിൽ കമ്പി കെട്ടി ബെൽറ്റ് വാർത്തു.70 ശതമാനം പണി പൂർത്തിയായപ്പോഴേക്കും തുക തീർന്നു.
ഫണ്ടിനായി കാത്തിരിപ്പ്
ഇനി ബാത്ത് റൂം മുറ്റംകെട്ട്, വൈദ്യുതീകരിക്കൽ ജോലികൾ കൂടി ബാക്കിയുണ്ട്. ലൈബ്രറി കെട്ടിടം പൂർത്തിയാക്കാൻ എം.എൽ.എ ഫണ്ടോ ത്രിതല പഞ്ചായത്ത് ഫണ്ടോ അനുവദിച്ചാൽ നിർമ്മാണം പൂർത്തിയാക്കി ലൈബ്രറി തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയു. മഹാകവിയുടെ പേരിലുള്ള ലൈബ്രറിയുടെ പ്രവർത്തനം പുന: രാരംഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.