
ചങ്ങനാശേരി : വെറും കുപ്പത്തൊട്ടി! വാലുമ്മേച്ചിറ തോടിന്റെ അവസ്ഥ എത്ര ദയനീയമെന്ന് ആദ്യ കാഴ്ചയിൽ തന്നെ മനസിലാകും. നഗരത്തിലെ വ്യാപാരകേന്ദ്രങ്ങളിലെ ഉൾപ്പടെ മാലിന്യം ചുമക്കാനാണ് ഈ തോടിന്റെ വിധി. നഗരസഭ പരിധിയിലുള്ള പല വാർഡുകളിലൂടെയും ഒഴുകി കാക്കാംതോട് വഴി വാലുമ്മേച്ചിറയിലെത്തി പറാൽ തോട്ടിലേക്ക് എത്തുന്നതാണ് തോടിന്റെ ഘടന. നിലവിൽ തോട്ടിലേക്ക് എത്തുന്ന മലിനജലം കെട്ടികിടക്കുന്ന സാഹചര്യമാണുള്ളത്. ഇരു കരയിലും താമസിക്കുന്നവർ ദുർഗന്ധം മൂലം വലയുകയാണ്. വീടുകളിലിരുന്ന് ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത തരത്തിലാണ് ദുർഗന്ധം. ഓടകളിൽ നിന്നുള്ള മാലിന്യം വരെ തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതിയുണ്ട്.
മണ്ണ് നീക്കണം, ആഴം കൂട്ടണം
തോട്ടിലെ മാലിന്യവും അടിഞ്ഞു കൂടിയ മണ്ണും നീക്കി ആഴം കൂട്ടിയാൽ ഒഴുക്ക് സുഗമമാകുമെന്ന് നാട്ടുകാർ പറയുന്നു. തോടിനു കുറുകെയുള്ള ചെറിയ പാലങ്ങൾക്ക് ഉയരം കൂട്ടണമെന്നും ആവശ്യമുയരുന്നുണ്ട്. തോടിന്റെ പല ഭാഗവും ഇടിഞ്ഞ നിലയിലാണ്. പല ഭാഗങ്ങളിലും തോട് കൈയേറിയ അവസ്ഥയുമുണ്ട്.
തോടിന്റെ ദുരവസ്ഥ നഗരസഭാ അധികാരികളെ അറിയിച്ചിട്ടും അവർ കേട്ട ഭാവം നടിച്ചില്ല. പ്രദേശവാസികൾ വലിയ ദുരിതമാണ് അനുഭവിക്കുന്നത്.
എം.എ സജാദ് (യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്)