
കോട്ടയം : മുറിഞ്ഞപ്പുഴയാറിനു കുറുകെ നിർമ്മിച്ച കാട്ടിക്കുന്ന് തുരുത്തു പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. 8.60 കോടി രൂപയായിരുന്നു നിർമ്മാണ ചെലവ്. 114.40 മീറ്റർ നീളത്തിലും 6.50 വീതിയിലുമായി ഏഴ് സ്പാനുകളോടെ നിർമ്മിച്ച പാലത്തിന് ഇരുവശങ്ങളിലുമായി ബി.എം.ആൻഡ് ബി.സി നിലവാരത്തിൽ അപ്രോച്ച് റോഡും നിർമ്മിച്ചു. പതിറ്റാണ്ടുകളായി കടത്തുവള്ളത്തെ ആശ്രയിച്ചിരുന്ന ജനതയുടെ സ്വപ്നസാക്ഷാത്കാരമാണ് പൂവണിയുന്നത്. ചെമ്പ് പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ 300 ഏക്കർ വിസ്തൃതിയുള്ള വെള്ളത്താൽ ചുറ്റപ്പെട്ട കാട്ടിക്കുന്ന് തുരത്തിലെ ജനങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയം കടത്തു വള്ളങ്ങളും ചെറുവള്ളങ്ങളുമാണ്. 138 കുടുംബങ്ങളാണ് തുരുത്തിലുള്ളത്.