lory

കടുത്തുരുത്തി : ഗതാഗതനിയമങ്ങൾ നോക്കുകുത്തിയാണ്. സംശയമുണ്ടെങ്കിൽ കല്ലറയോട്ട് എത്തിയാൽ മതി. നേരിട്ട് കാണാം. ടോറസ് ലോറികളുടെ മരണപാച്ചിലിനെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. നിയമലംഘനത്തിന് നേരെ പൊലീസും കണ്ണടയ്ക്കുകയാണ്. മണ്ണെടുപ്പ് കേന്ദ്രങ്ങളിൽ നിന്നുള്ള ലോഡുമായാണ് ടിപ്പർ ടോറസ് ലോറികൾ മത്സരയോട്ടം നടത്തുന്നത്. ഇത് കാൽനടയാത്രക്കാരെ ഭീതിയിലാഴ്ത്തുകയാണ്.

കല്ലറ ജംഗഷനിലെ ഇടുങ്ങിയ റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും പൊടിയും നിറഞ്ഞ നിലയിലുമാണ്. ഇതിനിടയിലാണ് അമിതവേഗതയും അനധികൃത പാർക്കിംഗും. ഇത് അപകടങ്ങൾക്കിടയാക്കുമെന്നാണ് ആശങ്ക. സ്‌കൂളുകൾക്ക് സമീപവും റോഡരികിലും ലോറികൾ കൂട്ടമായി പാർക്ക് ചെയ്യുകയാണ്. വൺവെ തെറ്റിച്ചെത്തിയ ടിപ്പറുകൾ കഴിഞ്ഞ ദിവസം വ്യാപാരികൾ തടഞ്ഞിരുന്നു. വ്യാപാരസ്ഥാപനങ്ങളുടെയുള്ളിലേക്ക് പൊടിയടിച്ച് കയറുകയാണ്. ട്രാഫിക് പൊലീസിന്റെ സേവനം രാവിലെയും വൈകുന്നേരവുമുള്ളൂ.

കമ്മിഷനായി മരണപ്പാച്ചിൽ

ഒന്നിലധികം ലോഡുകൾ നിശ്ചിത ദിവസങ്ങളിൽ സ്ഥലത്ത് എത്തിച്ചു കൊടുത്താൽ ഡ്രൈവർമാർക്കു ശമ്പളത്തിനു പുറമെ കമ്മിഷനുണ്ട്. ഇതു നേടാനുള്ള കുതിപ്പാണ് നിരത്തുകളിൽ കാണുന്നത്. പാറമടകളിൽ ആദ്യമെത്താനും പരമാവധി ലോഡുകൾ കൊണ്ടുപോകാനുമുള്ള പരക്കം പാച്ചിലിൽ ഡ്രൈവർമാർ നിയമങ്ങൾ മറക്കുകയാണ്. രാവിലെ 9 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 5 വരെയും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പലപ്പോഴും പാലിക്കപ്പെടാറില്ല.

ശുദ്ധ തോന്ന്യാസം

മണ്ണും മണലും കയറ്റിയ ടിപ്പറുകളുടെ മുകൾഭാഗം ഷീറ്റ് ഉപയോഗിച്ച് മൂടുന്നില്ല

 അമിതഭാരം കയറ്റിയുള്ള ഓട്ടം മൂലം റോഡുകളും തകർന്ന നിലയിലാണ്

മറ്റ് വാഹനങ്ങളെ അമിതവേഗത്തിൽ ഓവർടേക്ക് ചെയ്യുന്നു

ചോദ്യം ചെയ്താൽ ഭീഷണിയും അസഭ്യവർഷവും

ഹെൽമെറ്റ് പരിശോധനയുടെ പേരിൽ ഇരുചക്രവാഹനയാത്രക്കാരെ വിരട്ടുന്ന പൊലീസ്, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ കൊലവിളിയുമായി പാഞ്ഞുവരുന്ന ടിപ്പറുകളുടെ മുന്നിൽ കണ്ണടയ്ക്കുകയാണ്.

ജോയി കല്പകശ്ശേരി