കോട്ടയം: കാരിത്താസ് റെയിൽവേ മേൽപ്പാലം നാളെ നാടിനു സമർപ്പിക്കുമെന്ന് സഹകരണതുറമുഖ വകുപ്പു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.വൈകിട്ട് 4.30ന് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പുമന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വി.എൻ.വാസവൻ അധ്യക്ഷനാകും
13.60 കോടി രൂപ ചെലവിലാണ് മേൽപ്പാലം പൂർത്തീകരിച്ചത്. 2013 ജൂലായിൽ ഭരണാനുമതി ലഭിച്ചു. സ്ഥലം ഏറ്റെടുക്കൽ നടപടികൾ 2019 ജനുവരിയിലാണ് പൂർത്തീകരിച്ചത്. 10.8 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചെങ്കിലും ടെണ്ടറിൽ ആരും പങ്കെടുത്തില്ല. തുടർന്ന് 11.98 കോടി രൂപയ്ക്ക് സാങ്കേതിക അനുമതി ലഭിച്ചു. . 13.60 കോടി രൂപയ്ക്ക് ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമാണകരാർ എടുത്തത്.
അപ്രോച്ച് റോഡിന് അഞ്ചര കോടി
കോണത്താറ്റ് പാലത്തിന്റെ അപ്രോച്ച് റോഡ് മികച്ച ഗുണനിലവാരത്തോടെ നിർമിക്കുന്നതിന് 5.50 കോടി രൂപ അനുവദിച്ചതായും നിർമാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കോണത്താറ്റ് പാലവും സമയബന്ധിതമായി പൂർത്തീകരിക്കും. കമ്പിനിക്കടവ് പാലം നിർമാണം പുരോഗമിക്കുകയാണ്. മെഡിക്കൽ കോളജിനെയും ബസ് സ്റ്റാൻഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന അടിപ്പാതയുടെ നിർമാണ ഉദ്ഘാടനവും ഉടൻ നടക്കും.