വൈക്കം : പതിറ്റാണ്ടുകളായി പാലമെന്ന സ്വപ്നത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു കാട്ടിക്കുന്ന് തുരുത്ത് നിവാസികൾ. അത് സഫലമാകുമ്പോൾ അവരുടെ മുഖത്ത് അതിരില്ലാത്ത സന്തോഷമാണ് വിരിയുന്നത്. കാരണം മറുകരയെത്താൻ അവർ അത്രത്തോളം ദുരിതം അനുഭവിച്ചിട്ടുണ്ട്. പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയം കടത്തുവള്ളമായിരുന്നു. ഭൂരിഭാഗവും നിർദ്ധനകുടുംബങ്ങൾ. 300 ഏക്കറുള്ള തുരുത്തിൽ താമസിക്കുന്നത് 600 ലേറെപ്പേരാണ്. പ്രദേശവാസികൾ അനുഭവിക്കുന്ന യാത്റാദുരതത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സി.കെ.ആശ എം.എൽ.എ നൽകിയ നിവേദനത്തെ തുടർന്നാണ് സംസ്ഥാന സർക്കാർ 2019 - 20ലെ ബഡ്ജറ്റിൽ പാലം നിർമ്മാണത്തിന് തുക അനുവദിച്ചത്. 2020 ഡിസംബർ 31ന് ഭരണാനുമതി ലഭിച്ചു. 2022 ഏപ്റിൽ 28 നാണ് നിർമാണം തുടങ്ങിയത്. കൊച്ചി ആസ്ഥാനമായുള്ള ശ്യാമ ഡൈനാമിക്‌സിനായിരുന്നു കരാർ.
നിർമ്മാണ ചെലവ് : 8.60 കോടി
114.40 മീറ്റർ നീളം, 6.50 വീതി
7 സ്പാനുകൾ, 9 ഗർഡർ ബീമുകൾ
അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തിയായി
അപ്റോച്ച് റോഡിന്റെ പണികളും പൂർത്തിയായതോടെ ഇനി ഉദ്ഘാടനത്തിനായുള്ള കാത്തിരിപ്പാണ്. ഇരുവശങ്ങളിലുമായി ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് അപ്റോച്ച് റോഡ് നിർമ്മിച്ചത്. ചെമ്പ് പഞ്ചായത്ത് 15ാം വാർഡിലാണ് തുരുത്ത് സ്ഥിതി ചെയ്യുന്നത്.
''പാലം തുറക്കുന്നതോടെ വെള്ളത്താൽ ചുറ്റപ്പെട്ട് കാട്ടിക്കുന്ന് തുരുത്തിൽ കഴിയുന്ന 140ഓളം കുടുംബങ്ങളുടെ യാത്റാദുരിതത്തിനാണ് ശാശ്വത പരിഹാരമാകുന്നത്
-സി.കെ ആശ എം.എൽ.എ