
ചങ്ങനാശേരി : ഇപ്പോൾ വലിയ കുരുക്കിലാണ് കുരിശുംമൂട് ജംഗ്ഷൻ. തിരക്കിൽപ്പെട്ട് പോയാൽ ആകെ വലയും. രാവിലെയും വൈകിട്ടും കുരിശുംമൂട് കവലയിലെ ട്രാഫികിൽ നിന്ന് രക്ഷപ്പെടുക എന്നത് വലിയ ഭാഗ്യമായാണ് പലരും കരുതുന്നത്. കുരിശുംമൂട് ജംഗ്ഷനിൽ നിന്ന് ചെത്തിപ്പുഴ ഭാഗത്തേക്ക് തിരിയുന്ന റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് കുരുക്കിന് ഇടയാക്കുന്നത്. റോഡിന് നടുവിലായാണ് ചെത്തിപ്പുഴ, വടക്കേക്കര ഭാഗത്തേക്കുള്ള ബസുകൾ നിറുത്തുന്നത്. ബസിൽ ആളുകൾ കയറിയിറങ്ങിത്തീരുന്നതുവരെ മുൻപിലും പിന്നിലുമുള്ള വാഹനങ്ങൾക്ക് മുന്നോട്ടുനീങ്ങാൻ കഴിയില്ല. ഇതോടെ ജംഗ്ഷനിൽ ആകെ വാഹനത്തിരക്കാകും. ചെത്തിപ്പുഴ പ്ലാസിഡ്, ക്രിസ്തുജ്യോതി വിദ്യാലയങ്ങളിലേക്കും ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റൽ, സെന്റ് ഗിറ്റ്‌സ് എൻജിനിയറിംഗ് കോളേജ്, ഹോമിയോ കോളേജ്, ഹോമിയോ റിസേർച്ച് സെന്റർ അടക്കമുള്ള സ്ഥാപനങ്ങളിലേക്കുള്ള ഏക റോഡായതിനാൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
സിഗ്നൽലൈറ്റിനായി മുറവിളി
സിഗ്‌നൽ ലൈറ്റ് ഇല്ലാത്തതിനാൽ യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് ഇടറോഡുകളിൽ നിന്ന് വാഹനങ്ങൾ പ്രധാന റോഡിലേക്ക് പ്രവേശിക്കുന്നത്. വാഹനങ്ങളുടെ കൂട്ടിയിടിയും നിത്യസംഭവമാണ്. കുരുക്ക് കാരണം കച്ചവടം മോശമാണെന്നാണ് വ്യാപാരികളുടെ പരാതി. നിലവിൽ ബ്ലിങ്കർ ലൈറ്റുണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല. റോഡ് കുറുകെ കടക്കാൻ കാൽനടയാത്രക്കാർ പെടാപ്പാട് പെടുകയാണ്. ഭാഗ്യം കൊണ്ടാണ് അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത്. റിഫ്ലക്ടറുകളില്ലാത്തതിനാൽ ജംഗ്ഷനിലെ ഡിവൈഡറും യാത്രക്കാർക്ക് അപകടക്കെണിയാകുകയാണ്. രാത്രികാലങ്ങളിൽ അമിതവേഗതയിലെത്തുന്ന വാഹനങ്ങൾ ഇതിലേക്ക് പാഞ്ഞുകയറുന്നത് പതിവാണ്. മുൻപുണ്ടായിരുന്ന റിഫ്ലക്ടറും വാഹനമിടിച്ച് തകർന്നതാണ്.
പരിഹാരമുണ്ട്, മനസുവച്ചാൽ
ബസ് സ്‌റ്റോപ്പ് 100 മീറ്റർ മുന്നിലേക്ക് മാറ്റി സ്ഥാപിക്കുക.
റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് അനുവദിക്കാതിരിക്കുക
രാവിലെയും വൈകിട്ടും പൊലീസിനെ നിയോഗിക്കുക
''സിഗ്‌നൽ ലൈറ്റ് അത്യാവശ്യമാണ്. ചെത്തിപ്പുഴ ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ ജംഗ്ഷനിലേക്ക് കയറാൻ ഏറെനേരം കാത്തുകിടക്കണം. അപകടവും പതിവാണ്.
രാജേഷ് കെ.ആർ, (ഓട്ടോ ഡ്രൈവർ)