
മുണ്ടക്കയം ഈസ്റ്റ് : റോഡ് ഇനി തകരാൻ ഒരുതരി പോലും ബാക്കിയില്ല. ഒപ്പം ഏക ബസ് സർവീസും നിലച്ചു. മതമ്പ നിവാസികൾ വലയാൻ പിന്നെന്ത് വേണം. വന്യമൃഗശല്യത്താൽ പൊറുതിമുട്ടിയ പ്രദേശത്ത് ദുരിതവും ഇരട്ടിക്കുമ്പോൾ അധികൃതർ കണ്ടുരസിക്കുകയാണ്.
പത്തുകിലോമീറ്ററിലധികം റോഡ് തകർന്ന് തരിപ്പണമായിട്ട് 3 വർഷങ്ങൾക്ക് മുകളിലായി. ഇതിനിടെ മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി മുണ്ടക്കയം മുതൽ വള്ളിയാങ്കാവ് വരെയുള്ള റോഡ് ആധുനിക രീതിയിൽ നവീകരിച്ചിരുന്നു. രണ്ട് സ്വകാര്യ ബസുകൾക്കാണ് മതമ്പ റൂട്ടിൽ പെർമിറ്റുള്ളത്. കോട്ടയത്ത് നിന്ന് ആരംഭിച്ച് മതമ്പ വരെ ഒരു ബസും, മുണ്ടക്കയം, പാലൂർക്കാവ് മതമ്പ എന്നിവിടങ്ങളലേക്ക് മറ്റൊരു ബസും. കോട്ടയം - മതമ്പ ബസ് സർവീസ് നിറുത്തിയിട്ട് കാലങ്ങളായി. ഷട്ടിൽ ബസാണ് ഒരാഴ്ച മുൻപ് സർവീസ് അവസാനിപ്പിച്ചത്. കളക്‌ഷൻ തുക അറ്റകുറ്റപ്പണിയ്ക്കായി വിനിയോഗിക്കേണ്ടതിനാൽ വൻനഷ്ടമാണെന്നാണ് ഉടമകൾ പറയുന്നത്. മതമ്പ, ചെന്നാപ്പാറ ടോപ്പ്, ചെന്നാപ്പാറ താഴെ, ആനക്കുളം, കടമാങ്കുളം , മാട്ടുപ്പെട്ടി സ്‌കൂൾ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരാണ് ഇതോടെ ദുരിതത്തിലായത്.
സ്കൂളിൽ പോകാനാകാതെ വിദ്യാർത്ഥികൾ
മേഖലയിലെ തോട്ടം തൊഴിലാളികളുടെയും കർഷകരുടെയും കുട്ടികളിൽ ഭൂരിഭാഗവും പഠിക്കുന്നത് മുണ്ടക്കയം പ്രദേശത്തെ സ്‌കൂളുകളിലാണ്. ബസ് സർവീസ് നിറുത്തിയതോടെ കുട്ടികളിൽ പലർക്കും സ്കൂളിൽ പോകാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇപ്പോൾ പത്താംക്ലാസ് പരീക്ഷ നടക്കുന്ന സമയമാണ്. ചിലർ ഓട്ടോക്കാർ വരാൻ തയ്യാറാകുമെങ്കിലും മുണ്ടക്കയം വരെ 750 രൂപയാണ് ഈടാക്കുന്നത്. ഷട്ടിൽ സർവീസ് നടത്തുന്ന ഓട്ടോയിലും ഒരാൾ 100 - 150 രൂപ നൽകണം. ഇതിനുള്ള സാമ്പത്തികശേഷി ഇവർക്കില്ല.
ആന മുതൽ കടുവ വരെ
ശബരിമല വനാതിർത്തി പങ്കിടുന്ന മേഖലയാണ് ടി ആർ ആൻഡ് ടി എസ്റ്റേറ്റിന്റെ ഭാഗമായ ചെന്നാപ്പാറ മതമ്പ പ്രദേശം. ആന, കടുവ, പുലി അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം പ്രദേശത്ത് രൂക്ഷമാണ്. എല്ലാവിധത്തിലും ദുരിതത്തിലായ തൊഴിലാളി കുടുംബങ്ങളെ ഒറ്റപ്പെടുത്തും വിധമാണ് ആകെ ഉണ്ടായിരുന്ന ബസ് സർവീസും നിലച്ചിരിക്കുന്നത്.
''പരീക്ഷാക്കാലമായതിനാൽ വലിയ തുക മുടക്കിയാണ് വിദ്യാർത്ഥികളെ സ്കൂളിലേക്ക് അയക്കുന്നത്. ശമ്പള കുടിശികയും വരുമാനക്കുറവും മക്കളുടെ പഠനത്തെ കാര്യമായി ബാധിക്കുന്നു. രക്ഷിതാക്കൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
ഗണേശൻ, തോട്ടം തൊഴിലാളി