thod
എരുമേലി വലിയതോട്

എരുമേലി: നാട് വേനലിൽ വരണ്ടു,​ ജലാശയങ്ങളും വറ്റിയപ്പോൾ എരുമേലിയെ പകർച്ചവ്യാധി ഭീഷണിയിലും ദുർഗന്ധത്തിലുമാക്കി മാലിന്യം മാത്രമൊഴുകുന്ന വലിയ തോടും കൈവഴിയായ ചരള കൊച്ചുതോടും.

വീടുകളിലെയും മറ്റും മാലിന്യം നിറച്ച പ്ലാസ്റ്റിക്ക് കവറുകൾ സ്ഥലവാസികളും ചില വ്യാപാരികളും ടുവീലർ യാത്രക്കാരും രാവും പകലും തള്ളുന്നത് ഈ തോട്ടിലേക്കാണ്. പരിസരങ്ങളിലാകെ വ്യാപകമായി ദുർഗന്ധം വമിക്കുകയാണ്. പകൽ ഈച്ച ശല്യവും രാത്രിയിൽ കൊതുകുകളും നാട്ടുകാരുടെ സ്വസ്ഥത കെടുത്തി.

തോട് വൃത്തിയാക്കണമെന്നും മാലിന്യങ്ങൾ മാറ്റി ശുദ്ധമാക്കി സംരക്ഷിക്കുന്നതിന് പദ്ധതി തയാറാക്കി നടപ്പിലാക്കണമെന്നും പഞ്ചായത്ത് അധികൃതർക്ക് മുന്നിൽ പരാതികളും നിവേദനങ്ങളും പലതവണയെത്തിയതാണ്.

എന്നാൽ വൃത്തിയാക്കൽ ജോലി ടെൻഡറായി ഏറ്റെടക്കുന്ന കരാറുകാർ ജെ.സി.ബി ഇറക്കി അങ്ങോട്ടും ഇങ്ങോട്ടും ഇളക്കിയ ശേഷം ബിൽ മാറി ലാഭം കൊയ്യുന്നുവെന്ന് പരാതി വ്യാപകമാണ്.

ശബരിമല സീസണാകുമ്പോഴാണ് വൃത്തിയാക്കൽ എന്ന പേരിൽ വെട്ടിപ്പ് അരങ്ങേറുന്നത്.

വലിയതോടിന്റെ സംരക്ഷണത്തിനായി നിരവധി പരാതികൾ മുഖ്യമന്ത്രിയ്ക്കും ജില്ലാ കളക്ടർക്കും പഞ്ചായത്തിനും ഉൾപ്പെടെ നൽകിയിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടയിട്ടില്ലെന്ന പരിസ്ഥിതി പ്രവർത്തകൻ രവീന്ദ്രൻ എരുമേലി പറഞ്ഞു.

ശരീരമാസകലം മാലിന്യങ്ങൾ അണിഞ്ഞ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തിയിട്ടും തോട് സംരക്ഷണ നടപടികൾ അധികൃതർ സ്വീകരിച്ചില്ല.

രവീന്ദ്രൻ എരുമേലി

പരിസ്ഥിതി പ്രവർത്തകൻ

സമരങ്ങൾ നിരവധി കുലുക്കമില്ലാതെ അധികൃതർ

സമരങ്ങൾ ധാരാളം നടക്കുന്നുണ്ടെങ്കിലും പഞ്ചായത്ത് അധികൃതർക്ക് യാതൊരു കുലുക്കമില്ല.

എരുമേലി ക്ഷേത്രത്തിനു മുമ്പിലുള്ള കടവിലെ മാലിന്യങ്ങൾ നീക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ ഉത്സവ ദിനത്തിലും രവീന്ദ്രൻ ഒറ്റയ്ക്ക് ബോർഡുമായി നിൽപ്പുസമരം നടത്തിയിരുന്നു. തോടുകളുടെ ശുചീകരണം ആവശ്യപ്പെട്ടു എരുമേലി ഡവലപ്പ്മെന്റ് കൗൺസിൽ പ്രവർത്തകർ പേട്ട ക്കവലയിൽ സായാഹ്ന ധർണ നടത്തി.

സമരക്കാരുടെ ആവശ്യങ്ങൾ

പഞ്ചായത്ത്, പൊലീസ്, ആരോഗ്യ വകുപ്പ്, ജനപ്രതിനിധികൾ, വ്യാപാരി സംഘടനകൾ ഉൾപ്പെടെ വിവിധ സംഘടനകളുടെ പ്രതിനിധികൾ അടങ്ങിയ സമിതി രൂപീകരിക്കണം. ശുചീകരണം കരാർ നൽകാതെ ജനകീയ കമ്മിറ്റിയെ ഏൽപ്പിക്കണം.

മാലിന്യം തള്ളുന്നവരെ പിടിക്കാൻ നിരീക്ഷണ കാമറകൾ സ്ഥാപിക്കണം. ജനകീയ സമിതിയും ഉദ്യോഗസ്ഥരും ചേർന്നു തോടുകളിൽ പരിശോധന നടത്തി ഓവുചാലുകളും രഹസ്യക്കുഴലുകളും നീക്കണം. മാലിന്യം ഇടുന്നവർക്കെതിരേ കേസെടുത്ത് പിഴ ഉൾപ്പെടെ ശിക്ഷാനടപടികൾ സ്വീകരിക്കണം.