വൈക്കം : വൈക്കം മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രി 8 ന് ആഘോഷിക്കും. ശ്രീഭൂതബലി, പ്രാതൽ, കാവടി അഭിഷേകം, വൈകിട്ട് ആനപ്പുറത്തെഴുന്നള്ളിപ്പ് , പുഷ്പാലങ്കാരം, ലക്ഷദീപം എന്നിവയും വിവിധ കലാപരിപാടികളും ഉണ്ടാവും. ചടങ്ങുകൾക്ക് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, മേൽശാന്തിമാരായ ടി.ഡി.നാരായണൻ നമ്പൂതിരി, ടി.എസ്.നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, അനൂപ് നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും. വൈക്കം ശിവവിലാസം കാവടി സമാജത്തിന്റെ ഭസ്മക്കാവടി വൈകിട്ട് 5 ന് കച്ചേരിക്കവലയിൽ നിന്നാരംഭിക്കും. കൂട്ടുമ്മേൽ ദേവി ശരണം കാവടി സമാജത്തിന്റെ ഭസ്മക്കാവടിയും ഇളനീർ താലവും വൈകിട്ട് 3 ന് കൂട്ടമ്മേൽ ഭഗവതി ക്ഷേത്രത്തിൽ നിന്നാരംഭിക്കും. കിളിയാട്ടുനട വെണ്ടിശ്ശേരി ഗുരുനാഥൻ സ്വാമി ക്ഷേത്രത്തിൽ നിന്ന് വൈകിട്ട് 3 ന് ഭസ്മക്കാവടിയും ഇളനീർ താലവും ആരംഭിക്കും.
തലയാഴം തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രിയുടെ ഭാഗമായി ഇളനീർ ഘോഷയാത്രയും ദേശക്കാവടിയുമുണ്ട്.
ബ്രഹ്മമംഗലം മഹാദേവ ക്ഷേത്രം, കാരിക്കോട് മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ വിശേഷാൽ പൂജകളും ധാര വഴിപാട് , ശിവരാത്രി പൂജ എന്നിവയുമുണ്ട്.

തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ആഘോഷിക്കും. 8 ന് ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രന്റെ കാർമ്മികത്വത്തിൽ മഹാഗണപതി ഹോമം, മേൽശാന്തി സിബിന്റെ കാർമ്മികത്വത്തിൽ ബ്രഹ്മകലശപൂജ. ഉച്ചയ്ക്ക് പ്രസാദമൂട്ട്, രാത്രിയിൽ മഹാശിവരാത്രി പൂജ, വിദ്യാഭ്യാസ അവാർഡ് വിതരണം.