
കോട്ടയം: വിപണി പിടിക്കാമെന്ന് കരുതിയ കൈതക്കർഷകരെ വലച്ച് കനത്ത ചൂട്. കോട്ടയത്ത് 35 ഡിഗ്രിക്ക് മുകളിൽ ചൂട് ഉയർന്നതോടെ ഉത്പാദനക്കുറവാണ് വില്ലനാവുന്നത്. കൈതകരിഞ്ഞതോടെ കരച്ചിലിലാണ് കർഷകർ.
ചൂടിൽ കൈതച്ചെടികൾ വേഗത്തിൽ ഉണങ്ങുന്നു. ചെടികൾ വാടി ഫംഗസ് രോഗം വന്നതിന് സമാനമായി. പല കർഷകരുടെയും പൈനാപ്പിൾ 120 ദിവസം പിന്നിട്ടിട്ടും വളർച്ചയില്ലാത്ത അവസ്ഥയിലാണ്. റംസാൻ വിപണി ലക്ഷ്യമാക്കിയുള്ള കൃഷിയെയാണ് ഇത് ബാധിച്ചിരിക്കുന്നത്.
പൈനാപ്പിളിന് ഏറ്റവും കൂടുതൽ വില ലഭിക്കുന്ന കാലമാണിത്. ആവശ്യത്തിനനുസരിച്ച് പൈനാപ്പിൾ ലഭ്യമാക്കാൻ കഴിയുമോ എന്നാണു കർഷകരുടെ ആശങ്ക. കടുത്ത വേനൽ പൈനാപ്പിൾ ഉത്പാദനത്തിൽ ദിവസേന 500 ടണ്ണിന്റെ കുറവ് സൃഷ്ടിക്കുന്നതായാണ് കർഷകർ പറയുന്നത്. ഉണക്കു നേരിടാൻ മുന്നൊരുക്കങ്ങൾ നടത്തിയിട്ടും ഉത്പാദനത്തിൽ 30% കുറവുണ്ടായി.
അനുകൂല കാലാവസ്ഥയിൽ തോട്ടത്തിൽ നിന്ന് 80% എ ഗ്രേഡ് പൈനാപ്പിൾ ലഭിക്കും. എന്നാൽ ഉണക്കു ബാധിച്ചതോടെ 50 ശതമാനം പോലുമില്ല. എന്തു ചെയ്യുമെന്നറിയാതെ നിസഹായവാസ്ഥയിലാണ് കർഷകർ
കോട്ടയം പ്രധാനം
എറണാകുളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പൈനാപ്പിൾ ഉത്പാദിപ്പിക്കുന്ന ജില്ലയാണ് കോട്ടയം. മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കും ജില്ലയിൽ നിന്ന് വലിയ അളവിൽ കൈതച്ചക്ക എത്തിക്കുന്നുണ്ട്.
ചൂട് പ്രശ്നം
കൈതച്ചക്കൾ മൂക്കുംമുന്നേ പഴുത്ത് നശിക്കും
കൈതച്ചെടികൾ കരിയുന്നു, വളർച്ച മുരടിപ്പ്
പാകമായാലും തൂക്കം കുറവ്