പാലാ : മീനച്ചിൽ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ്, മയക്കുമരുന്ന് വില്പന വ്യാപകമായതിനൊപ്പം അനധികൃത ബാറുകളും സജീവം.
എക്‌സൈസ് അധികൃതർക്ക് മാസപ്പടി നൽകിയാണ് മാഫിയ പ്രവർത്തിക്കുന്നതെന്നാണ് ആക്ഷേപം. പാലാ നഗരഹൃദയത്തിലെ സുലഭയ്ക്ക് സമീപമുള്ള ഗ്രൗണ്ട്, കൊട്ടാരമറ്റം, ടൗൺ ബസ് സ്റ്റാൻഡ്, സ്റ്റേഡിയത്തിന് സമീപം എന്നിവിടങ്ങളിൽ മയക്കുമരുന്നും കഞ്ചാവും സുലഭമാണ്.
ഭരണങ്ങാനം, ഇടപ്പാടി, ചിറ്റാനപ്പാറ, ഉള്ളനാട് മേഖലകളിൽ അനധികൃത മദ്യവില്പന തകൃതിയാണ്. രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി, അന്ത്യാളം, വെള്ളിലാപ്പിള്ളി, നീറന്താനം, ഇടക്കോലി, കൂടപ്പുലം മേഖലകളിൽ കഞ്ചാവ് മാഫിയ പിടിമുറുക്കിയിരിക്കുകയാണ്. മീനച്ചിൽ പഞ്ചായത്തിലെ പൈക, വിളക്കുമാടം, ഇടമറ്റം , കരൂരിലെ വലവൂർ, ഇടനാട് പേണ്ടാനംവയൽ, മുത്തോലി പഞ്ചായത്തിലെ തെക്കുംമുറി, പടിഞ്ഞാറ്റിൻകര, കൊഴുവനാൽ പഞ്ചായത്തിലെ പന്തത്തല, മേവട, കടനാട് പഞ്ചായത്തിലെ കൊല്ലപ്പിള്ളി, കടനാട് വല്യാത്ത് മേഖലകളിലും നീലൂരിലും മാഫിയ സംഘം പ്രവർത്തിക്കുന്നുണ്ട്. എക്‌സൈസിന്റെ വല്ലപ്പോഴുമുള്ള റെയ്ഡ് പിരിവെടുക്കാനാണെന്നാണ് ആക്ഷേപം. മറ്റ് പ്രദേശങ്ങളിൽ നിന്ന് കഞ്ചാവ് മൊത്തമായി കൊണ്ടുവന്ന് ആവശ്യക്കാർക്ക് ചെറുപൊതികളിലാക്കി കൊടുക്കുകയാണ് പതിവ്. ഇതിനായി പ്രത്യക സംഘം തന്നെയുണ്ട്. വിദ്യാർത്ഥികളടക്കമുള്ളവരാണ് പ്രധാന ഉപഭോക്താക്കൾ
പരാതിയേറി, അന്യസംസ്ഥാനക്കാരെ പൊക്കി തലയൂരി
പരാതി ഉയർന്നതോടെ നിൽക്കക്കള്ളിയില്ലാതെ വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടി തലയൂരി പാലാ എക്‌സൈസ്. റേഞ്ച് ഇൻസ്‌പെക്ടർ ബി. ദിനേശിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പശ്ചിമബംഗാളിൽ നിന്ന് പാലായിൽ വില്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. പശ്ചിമ ബംഗാൾ സ്വദേശികളായ ആരിഫ് അഹമ്മദ്, ട്യൂട്ടൽ എസ്.കെ എന്നിവരെ പിടികൂടി. ഇത് എവിടെ വിതരണം ചെയ്യാൻ കൊണ്ടുവന്ന കഞ്ചാവാണെന്ന ചോദ്യത്തിന് ഉത്തരമില്ല.
പിടിയിലാകുന്നത് ചെറുമീനുകൾ
ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലാകുന്നതിലേറെയും ചെറുമീനുകളാണ്. വമ്പൻ സ്രാവുകൾ രക്ഷപ്പെടും. കഞ്ചാവ് കേസിൽ ഒരിക്കൽ പിടിയിലാകുന്നവർ പുറത്തിറങ്ങിയാലും ഇത് തുടരുന്നതായാണ് വിവരം. കഞ്ചാവ് വില്പനക്കാരുടെ പേരടക്കം പൊലീസിനെയും, എക്‌സൈസിനെയും അറിയിച്ചാൽ പോലും നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
രാത്രികാലങ്ങളിൽ ഗ്രാമീണ റോഡുകളിൽ ആളൊഴിഞ്ഞ ഭാഗങ്ങൾ കേന്ദ്രികരിച്ച് കഞ്ചാവ് വില്പന സംഘങ്ങൾ തമ്പടിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്.
-സതീശൻ, ഇടമറ്റം