അന്ത്യാളം : കരൂർ പഞ്ചായത്തിലെ അന്ത്യാളത്ത് പ്രവർത്തിക്കുന്ന പ്രൈമറി ഹെൽത്ത് സെന്റർ കുടുംബാരോഗ്യകേന്ദ്രമാക്കി മാറ്റുന്നതിനായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന് ജില്ലാ പഞ്ചായത്ത് വിഹിതമായി എട്ടുലക്ഷം രൂപ അനുവദിച്ചതായി ഡിവിഷനംഗം രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.

ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ജില്ലാ - ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് വിഹിതവും ആർദ്രം പദ്ധതിയിലുള്ള ഫണ്ടും ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം. ചെക്ക് കൈമാറുന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമൻ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബെന്നി മുണ്ടത്താനം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ്, ലിന്റൺ ജോസഫ്, സ്മിത ഗോപാലകൃഷ്ണൻ, കുഞ്ഞുമോൻ മാടപ്പാട്ട്, ഡൊമിനി എലിപ്പുലിക്കാട്ട്, ഫ്രാൻസിസ് മൈലാടൂർ ,സജി തുമ്പനാനിക്കൽ, ജോഷി കുടിലുമറ്റം, ബേബി വട്ടക്കുന്നേൽ, അനിൽകുമാർ കരിംതുരുത്തേൽ, ആന്റോച്ചൻ തടത്തിൽ, ഡോ. രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

രോഗികൾക്ക് ആശ്വാസം

കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതോടെ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സേവനം കൂടുതൽ സമയം രോഗികൾക്ക് ലഭ്യമാകും. ദിനംപ്രതി നൂറുകണക്കിന് പേരാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. ഭൂരിഭാഗവും സാധാരണക്കാരാണ്. പുതിയ കെട്ടിടത്തിൽ കൂടുതൽ ചികിത്സാസൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യവുമുണ്ട്.


8000 സ്‌ക്വയർ ഫീറ്റ് കെട്ടിടം

ചെലവ് : ഒരുകോടി 15 ലക്ഷം

''ഏറെനാളായുള്ള പ്രദേശവാസികളുടെ ആവശ്യമാണ് പി.എച്ച്.സിയെ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തണമെന്നത്. കെട്ടിട നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കും.

-രാജേഷ് വാളിപ്ലാക്കൽ