kumarakom

കോട്ടയം: ടൂറിസം മേഖലയിൽ വൻമാറ്റങ്ങൾകൊണ്ടുവരുന്ന കേന്ദ്രപദ്ധതി സ്വദേശി ദർശൻ 2.0യിൽ കുമരകവും ഇടംപിടിച്ചതോടെ പ്രതീക്ഷിക്കുന്നത് വികസന വിസ്മയം. കുമരകത്ത് വിവിധ ടൂറിസം പദ്ധതികൾക്കായി 70 കോടി രൂപയാണ് ചെലവഴിക്കുക.

ഐ.എൻ.ഐ ഡിസൈൻ സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിയാണ് കുമരകത്തെ പദ്ധതികളുടെ കൺസൾട്ടൻസി. നാലു ഘട്ടങ്ങളിലായി പദ്ധതികൾ നടപ്പാക്കും. പദ്ധതികൾ ആവിഷ്‌ക്കരിക്കാൻ ഏജൻസി തയാറാക്കിയ മാസ്റ്റർ പ്ലാനും കേന്ദ്ര സർക്കാർ അംഗീകരിച്ചു.

ഒന്നാംഘട്ടത്തിൽ പക്ഷിസങ്കേത വികസനം

കായൽ കരയിൽ 14 ഏക്കർ പക്ഷി സങ്കേതം എക്കോടൂറിസം കേന്ദ്രമാക്കും. ഇതിനായി 13.53 കോടി രൂപ ചെലവഴിക്കും. 2.84 കിലോമീറ്റർ നീളത്തിൽ 2.4 മീറ്റർ വീതിയിൽ ഭിന്നശേഷി സൗഹൃദ നടപ്പാത നിർമിക്കും. പെഡസ്ട്രിയൻ ബ്രിഡ്ജുകളുടെ പുനർനിർമ്മാണം, ഇന്റർപ്രട്ടേഷൻ സെന്റർ നവീകരണം, ബോട്ട് ജെട്ടി ഡെക്ക് നിർമാണം, 400 മീറ്റർ നീളത്തില കായൽ അതിർത്തിയിൽ ബോർഡ് വോക്ക്, വാച്ച് ടവർ നിർമാണം, പ്രവേശനഭാഗത്ത് ജലാശയത്തിന് അരികിൽ ഇന്ററാക്ടീവ് സോൺ ടെർമിനൽ ഡെക്ക് നിർമാണം, പക്ഷികളുടെ വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ കിയോസ്‌ക് , സങ്കേതത്തിനുള്ളിലെ കനാലുകളുടെ പുനരുജ്ജീവനം. വിവിധ ഘട്ടങ്ങളിലായി മറ്റു പദ്ധതികളും നടപ്പാക്കും.

ഉദ്ഘാടനം ഇന്ന്

രാവിലെ 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദർശൻ 2.0 ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കവണാറ്റിൻ കരയിലുള്ള കെ.ടി.ഡി.സി. വാട്ടർസ്‌കേപ്‌സിലെ ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ. വാസവൻ വിശിഷ്ടാതിഥിയാകും. കളക്ടർ വി. വിഗ്‌നേശ്വരി പദ്ധതി വിശദീകരിക്കും. ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, തുടങ്ങിയവർ പങ്കെടുക്കും.