കുമരകം : വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശം പക്ഷെ പറഞ്ഞിട്ടെന്ത് കാര്യം. തൊണ്ട നനയ്ക്കാൻ തുള്ളിയില്ല. കുമരകം നിവാസികളുടെ ദുരവസ്ഥയാണിത്. കുടിവെള്ള ക്ഷാമം രൂക്ഷമാണെങ്കിലും പൈപ്പ് പൊട്ടി ലിറ്റർ കണക്കിന് വെള്ളമാണ് പാഴായിപ്പോകുന്നത്. പരാതികൾ പറഞ്ഞ് നാട്ടുകാർ മടുത്തു. ചൂടിന്റെ ശക്തി ഉയരുന്തോറും വെള്ളത്തിന്റെ ഉപയോഗവും കൂടി. എന്നാൽ അതിനനുസരിച്ചുള്ള വെള്ളം കുമരകത്തെ ഓവർ ഹെഡ് ടാങ്കിൽ എത്തിക്കുന്നില്ല. ഒന്നിടവിട്ട ദിവസങ്ങളിൽ ലഭിച്ചിരുന്ന പൈപ്പുവെള്ളം ഇപ്പോൾ ദിവസങ്ങളോളം ലഭിക്കുന്നില്ല. ജനപ്രതിനിധികളടക്കം കുത്തിയിരുപ്പ് സത്യഗ്രഹം നടത്തിയിട്ടും പരിഹാരം അകലെയാണ്. മോട്ടറുകൾ തകരാർ, ജലാശയങ്ങളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയ തൊടുന്യായങ്ങളാണ് അധികൃതർ നിരത്തുന്നത്. പൈപ്പുകൾ യഥാസമയം അറ്റകുറ്റപ്പണി നടത്തി വെള്ളം ടാങ്കുകളിലെത്തിച്ചാൽ ഒരുപരിധിവരെ പ്രശ്നത്തിന് പരിഹാരമാകും. തണ്ണീർമുക്കം ബണ്ട് അടച്ചതോടെ നീരൊഴുക്ക് നിലച്ച കായലിലും, തോടുകളിലും പോളയും മറ്റ് മാലിന്യങ്ങളും തിങ്ങി നിറഞ്ഞിരിക്കുകയാണ്. ഇതോടെ പൈപ്പ് വെള്ളത്തിന്റെ ഉപയോഗം വർദ്ധിച്ചു. ഈ സാഹചര്യത്തിൽ ആവശ്യത്തിന് വെള്ളം ലഭ്യമാക്കാനാകാതെ വന്നാൽ ജലജന്യ രോഗത്തിന് ഇടയാക്കുമെന്നാണ് ആശങ്ക.
പദ്ധതികൾ നോക്കുകുത്തി, കുടിവെള്ള ലോബിയ്ക്ക് ചാകര
കോടികൾ ചെലവഴിച്ച് നടപ്പാക്കിയ ശുദ്ധജല വിതരണ പദ്ധതികൾ നോക്കുകുത്തിയായപ്പോൾ സ്വകാര്യ കുടിവെള്ള വിതരണ ലോബിയ്ക്ക് ചാകരയാണ്. പഞ്ചായത്ത് അംഗങ്ങൾ വിളിച്ചാൽ പലപ്പോഴും ജലവിഭവവകുപ്പ് ഉദ്യോഗസ്ഥർ ഫോൺ എടുക്കുന്നില്ലെന്ന പരാതിയുമുണ്ട്. കുടിവെള്ള പ്രശ്‌നങ്ങൾ അറിയിക്കാനായി ജനപ്രതിനിധികളും, വാർട്ടർ അതോറിട്ടി ഉദ്യോഗസ്ഥരും ചേർന്ന വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചെങ്കിലും പ്രശ്‌നം രൂക്ഷമായതോടെ ഉദ്യോഗസ്ഥർ ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആയി. പൈപ്പ് പൊട്ടിയ സ്ഥലത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തി പോയിട്ട് മാസങ്ങളായി. പിന്നീട് ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.
''അനാസ്ഥ വെടിഞ്ഞ് കുമരകത്ത് ശുദ്ധ ജലം മുടക്കമില്ലാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണം. അല്ലാത്തപക്ഷം സമരപരിപാടികൾ സംഘടിപ്പിക്കും.
രാജപ്പൻ, കുമരകം