
കോട്ടയം : അമിവേഗത്തിൽ എതിർ ദിശയിൽ എത്തിയ കെ.എസ്.ആർ.ടി.സി ബസിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ വസ്ത്രശാലയ്ക്കുള്ളിലേയ്ക്ക് ഇടിച്ചു കയറി. കഞ്ഞിക്കുഴിയിൽ ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നുഅപകടം. കഞ്ഞിക്കുഴി ജംഗ്ഷനിലെ തരംഗ സിൽക്‌സിലേക്കാണ് കാർ ഇടിച്ചു കയറിയത്. കളത്തിപ്പടി ഭാഗത്തുനിന്നും കെ.കെ റോഡിലൂടെ എത്തിയ കാർ ഇറഞ്ഞാൽ റോഡിലേയ്ക്ക് തിരിയുന്നതിനായി റോഡിന് നടുവിൽ വേഗം കുറച്ചു. ഇതിനിടെ എതിർ ദിശയിൽ നിന്നും അമിവേഗത്തിൽ എത്തിയ കെ.എസ്.ആർ.ടി.സി ബസ് കണ്ട് കാർ തിരിയ്ക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി കടയിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തിൽ ആർക്കും പരിക്കില്ല. യുവതിയാണ് കാർ ഓടിച്ചിരുന്നത്.