
മുണ്ടക്കയം : വളയിട്ട കരങ്ങളിൽ സുരക്ഷിതമാണ് മുണ്ടക്കയം ഗ്രാമപഞ്ചായത്ത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാർ, പഞ്ചായത്തിന് കീഴിലെ സ്ഥാപനമേധാവികൾ എല്ലായിടത്തും പെൺപെരുമ തന്നെ. രേഖാ ദാസാണ് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ഷീല ഡോമിനിക്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ഷിജി ഷാജി, സുലോചന സുരേഷ്, ഹോമിയോ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ.ശില്പകല, വെറ്ററിനറി സർജൻ. ഡോ.റോസ്മി, കൃഷി ഓഫീസർ ആരതി, വി.ഇ.ഒമാരാരായ ഫാത്തിമ, രേണു, എൻ.ആർ.ഇ.ജി അക്കൗണ്ടന്റുമാരായ നിഷ, ലിജി, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസർ, സൂപ്പർവൈസർമാർ വനിതാനിര നീളുകയാണ്. പഞ്ചായത്തോഫീസിലെ 4 സീനിയർ ക്ലർക്കുമാർ, പ്രേരക് രണ്ട്, ലൈബ്രേറിയൻ, എൻജിനിയറിംഗ് വിഭാഗത്തിലെ ഓവർസിയർ, കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഇവിടങ്ങളിലൊക്കെ വളയിട്ട കൈകൾ കിലുങ്ങുകയാണ്. എഴ് പഞ്ചായത്തംഗങ്ങളും വനിതകളാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് , ജില്ല പഞ്ചായത്ത് ഡിവിഷൻ മെമ്പർ പി.ആർ.അനുപമ എന്നിവരും ഈ പട്ടികയിലെ മുണ്ടക്കയം സ്വദേശികളാണ്. മൂന്നുമാസം മുമ്പു വരെ മുണ്ടക്കയം പഞ്ചായത്തിൽ സെക്രട്ടറിയും വനിതയായിരുന്നു. വനിതാദിനത്തോടനുബന്ധിച്ചു പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഇവർ ഒത്തുചേർന്നു.
''സ്ത്രീകൾ അടുക്കളയിൽ ഒതുങ്ങേണ്ടവരല്ല. സമൂഹത്തിന്റെ നന്മയ്ക്കായി പൊതുരംഗത്തു സജീവമാകണം.
രേഖാദാസ് , പഞ്ചായത്ത് പ്രസിഡന്റ്