driving

കോട്ടയം : ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം ഒരു ദിവസം 50 ആയി ചുരുക്കണമെന്ന മന്ത്രിയുടെ നിർദ്ദേശത്തിൽ അടിമുടി ആശയക്കുഴപ്പം. ഇന്നലെ വൻ പ്രതിഷേധത്തിനൊടുവിൽ നിർദ്ദേശം പിൻവലിച്ചെങ്കിലും തിങ്കളാഴ്ച മുതൽ എങ്ങനെയാകുമെന്നാണ് ടെസ്റ്റിനെത്തുന്നവരും ഡ്രൈവിംഗ് സ്കൂൾ ഉടമകളും ചോദിക്കുന്നത്. പുതിയ നിർദ്ദേശം വരുമ്പോൾ ടെസ്റ്റിനുള്ള ബുക്കിംഗ് ലഭിച്ച് വരുന്നവരിൽ നിന്ന് 50 പേരെ എങ്ങനെ തിരഞ്ഞെടുക്കുമെന്നാണ് ആശയക്കുഴപ്പം. ഇതിനാൽ പലയിടത്തും ടെസ്റ്റ് മാറ്റിവയ്ക്കാനുള്ള അറിയിപ്പ് ജോയിന്റ് ആർ.ടി.ഒമാർക്ക് ലഭിച്ചിട്ടുണ്ട്. കോട്ടയം താലൂക്കിലെ പ്രധാന കേന്ദ്രമായ ചെങ്ങളത്ത് ഒരു ദിവസം 120 പേർക്ക് വരെയാണ് സ്ളോട്ട് ലഭിക്കുക. ഇതിൽ 50 പേരായി ചുരുങ്ങുമ്പോഴേയ്ക്കും ബാക്കിയുള്ളവർക്ക് അടുത്ത ചാൻസ് ലഭിക്കാൻ മാസങ്ങൾ കാത്തിരിക്കണം. ഇതിനിടെ ടെസ്റ്റിൽ പരാജയപ്പെടുന്നവർക്ക് സ്ളോട്ട് കിട്ടാൻ വീണ്ടും ബുദ്ധിമുട്ടും. വിദേശത്തേയ്ക്ക് പോകാൻ ഒരുങ്ങുന്നവരും അന്യസംസ്ഥാനത്ത് പഠിക്കാൻ പോകുന്നവരും ഉൾപ്പെടെയുള്ളവരാണ് ഇതുമൂലം ബുദ്ധിമുട്ടുക. ഇന്റർനാഷണൽ ലൈസൻസ് ലഭിക്കാൻ അതത് രാജ്യത്തെ ലൈസൻസ് അത്യാവശ്യമാണ്.ഉടനെ വിദേശത്തേയ്ക്ക് പോകാൻ ഒരുങ്ങുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരും ഇതിൽപ്പെടും.

പ്രശ്നം ഗുരുതരം

ഡ്രൈവിംഗ് പരിശീലനം നേടിയവരുടെ ടച്ച് വിട്ടുപോകും

 ഇവരെയെല്ലാം വീണ്ടും പരിശീലിക്കാൻ പണച്ചെലവ്

 ഡ്രൈവിംഗ് പരിശീലിക്കുന്നവരുടെ എണ്ണം കുറയ്ക്കേണ്ടി വരും

 വിദേശത്ത് പോകുന്നവർക്ക് ഇന്റർനാഷണൽ ലൈസൻസിന് തടസം

 അന്യസംസ്ഥാനത്ത് പോയി ലൈസൻസ് നേടും, വരുമാന നികുതി നഷ്ടം

ജില്ലയിൽ 400 ഡ്രൈവിംഗ് സ്കൂളുകൾ

''ഇന്നലെ വൻപ്രതിഷേധത്തിനൊടുവിൽ പ്രശ്നം പരിഹരിച്ചെങ്കിലും വ്യക്തയില്ല. മന്ത്രിയുടെ തീരുമാനം നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ട് ഏറെയുണ്ട്''

എ.എം.ബിന്നു. ജില്ലാ സെക്രട്ടറി, ആൾ കേരള ഡ്രൈവിംഗ് സ്‌കൂൾ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു)

ചെങ്ങളം ഗ്രൗണ്ടിൽ പ്രതിഷേധം

ഇന്നലെ രാവിലെ 9 ഓടെ ചെങ്ങളം ഗ്രൗണ്ടിലെത്തിയപ്പോഴാണ് അമ്പത് പേരെ മാത്രമേ ടെസ്റ്റ് നടത്താൻ കഴിയൂയെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചത്. ഈ സമയം സ്ളോട്ട് ലഭിച്ച 106 പേർ ഹാജരായിരുന്നു. സ്ത്രീകളടക്കമുള്ളർ പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെ മന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്ളോട്ട് ലഭിച്ച എല്ലാവരേയും ടെസ്റ്റ് നടത്തി.