പാലാ: ഇന്ന് മഹാശിവരാത്രി. മേഖലയിലെ പ്രമുഖ ശിവക്ഷേത്രങ്ങളിലെല്ലാം വിശേഷാൽ പൂജകളും വഴിപാടുകളും നടക്കും.
പുലിയന്നൂർ മഹാദേവക്ഷേത്രം, അന്തീനാട് മഹാദേവക്ഷേത്രം, തലനാട് ജ്ഞാനേശ്വര മഹാദേവക്ഷേത്രം, പൂവരണി മഹാദേവക്ഷേത്രം, വെള്ളിലാപ്പിള്ളി ശക്തീശ്വരം, കടപ്പാട്ടൂർ മഹാദേവക്ഷേത്രം, തൃക്കയിൽ ക്ഷേത്രം എന്നിവിടങ്ങളിൽ വിശേഷാൽ പൂജകൾ, ശിവരാത്രിപൂജ, കാവടിഘോഷയാത്ര, താലപ്പൊലി എതിരേല്പ് എന്നിവ നടക്കും.
കൊടുമ്പിടി ഗുരുനാരായണ സേവാനികേതൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9 മുതൽ കൊടുമ്പിടി വിശ്രാന്തി നികേതനിൽ ശിവപ്രസാദം ശിവരാത്രി ആഘോഷം നടത്തും. ഗുരുപൂജ, ശാന്തിഹവനം, മൃത്യുഞ്ജയ മന്ത്രാർച്ചന, ശിവസ്തുതികൾ എന്നിവയ്ക്ക് ബ്രഹ്മചാരി സൂര്യശങ്കർ നേതൃത്വം നൽകുമെന്ന് കൺവീനർ ഗോപി നീറാക്കുളം അറിയിച്ചു.
പൂവരണി മഹാദേവ ക്ഷേത്രത്തിൽ രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകൾ കൂടാതെ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ അഖണ്ഡനാമജപം. 6.30ന് ദീപാരാധന, ചുറ്റുവിളക്ക്, തുടർന്ന് പൂമൂടൽ, 7ന് ഗാനമേള. 9.30ന് ബാലെ, 12ന് ശിവരാത്രി പൂജ. ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ പ്രസാദമൂട്ട് ഉണ്ടായിരിക്കുമെന്ന് ദേവസ്വം ഭരണ സമിതി ട്രസ്റ്റ് പ്രസിഡന്റ് സുനിൽ കുമാർ ആനിക്കാട്ടും സെക്രട്ടറി സഞ്ജീവ് കുമാർ ശ്രീഭവനും അറിയിച്ചു.
ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ രാവിലെ 7 മുതൽ വിശേഷാൽ പൂജകൾ, വൈകിട്ട് 6 ന് നൃത്തവിദ്യാർത്ഥികളുടെ ചിലങ്കപൂജ, പ്രമുഖ നർത്തകി ഹെലൻ ആൻഡ്രുവിന്റെ മഹാദേവസ്തുതി നൃത്തം എന്നിവ നടക്കും.
കുമ്മണ്ണൂർ നടയ്ക്കാംകുന്ന് ഭഗവതി ക്ഷേത്രം, വേഴാങ്ങാനം മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും വിശേഷാൽ ശിവരാത്രി പൂജകൾ നടക്കും.
കുറവിലങ്ങാട് മഹാദേവക്ഷേത്രത്തിൽ മഹാശിവരാത്രിയോടനുബന്ധിച്ച് ഇന്ന് രാവിലെ 7.15 ന് മഹാമൃത്യുഞ്ജയഹോമം, 7.30ന് അഖണ്ഡ നാമജപ പ്രദക്ഷിണവും വില്വപത്രാർച്ചനയും, 10ന് ധാര, 108 കുടം ജല അഭിഷേകം, 12.30ന് പ്രസാദവൂട്ട്. വൈകിട്ട് 5ന് ധാര, അഷ്ടഭിഷേകം, 6 ന് പ്രദോഷപൂജ, 7 ന് കരോക്കെ ഗാനമേള, 11.50 ന് ശിവരാത്രി പൂജ