കോട്ടയം: വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കാരിത്താസ് റെയിൽവേ മേൽപ്പാലം നാടിനു സമർപ്പിച്ചു. മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ് ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. തടസമില്ലാത്ത റോഡ് ശൃംഖല സാധ്യമാക്കുന്നതിന് റെയിൽവേ മേൽപ്പാലങ്ങൾക്കായി സംസ്ഥാനത്ത് 250 കോടിയിലധികം രൂപ ചെലവഴിക്കുന്നതായി മന്ത്രി പറഞ്ഞു. മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിച്ചു. മൂന്നുമാസത്തിനുള്ളിൽ കമ്പനിക്കടവ് പാലം പൂർത്തീകരിക്കുമെന്നും നടക്കില്ലെന്നു പറഞ്ഞിരുന്ന എല്ലാ പദ്ധതികളും നടപ്പാക്കാനായെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ഏറ്റുമാനൂർ മണ്ഡലത്തിലെ എല്ലാ പൊതുമരാമത്തു റോഡുകളും ബി.എം ആൻഡ് ബി.സി നിലവാരത്തിലാക്കി. കോട്ടയം മെഡിക്കൽ കോളേജ് അടിപ്പാത നിർമ്മാണത്തിന്റെ കരാറായെന്നും നിർമാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ് അഡീഷണൽ ജനറൽ മാനേജർ റ്റി.ജെ. അലക്‌സ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു തുടങ്ങിയവർ സംസാരിച്ചു.

 ചെലവ് 13.60 കോടി

13.60 കോടി രൂപ ചെലവിലാണ് മേൽപ്പാലം പൂർത്തിയാക്കിയത്. റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിനായിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണകരാർ എടുത്തത്. 2022 ഡിസംബറിൽ നിർമാണം ആരംഭിച്ച പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കി.