
ചങ്ങനാശ്ശേരി: ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എൻ.എസ്.എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി.സുകുമാര ൻ നായരുമായി കൂടിക്കാഴ്ച നടത്തി. ഭാര്യ ആശാ തുഷാറിനൊപ്പമെത്തിയ അദ്ദേഹം ജനറൽ സെക്രട്ടറിയുമായി അരമണിക്കൂറോളം സംസാരിച്ചു. സന്ദർശനം സൗഹൃദപരമായിരുന്നുവെന്നും രാഷ്ട്രീയകാര്യങ്ങൾ ചർച്ച ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
'ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. മാവേലിക്കര, കോട്ടയം, ചാലക്കുടി, ഇടുക്കി സീറ്റുകളാണ് ബി.ഡി.ജെ.എസിനുള്ളത്. ഇക്കാര്യത്തിൽ എൻ.ഡി.എയ്ക്കുള്ളിൽ അഭിപ്രായവ്യത്യാസമില്ല. പത്മജയെ പോലെയുള്ള കോൺഗ്രസ് നേതാക്കൾ ഇനിയും ബി.ജെ.പി.യിലേയ്ക്ക് വരും. പി.സി.ജോർജ് ബി.ജെ.പി.യിലെത്തിയതിനെക്കുറിച്ച് ഒന്നും പറയാനില്ല. ഓരോരുത്തർക്കും അവരുടേതായ അഭിപ്രായമുണ്ട്. എൻ.ഡി.എയുടെ ഭാഗമാകുമ്പോൾ അതിലെ സ്ഥാനാർത്ഥികൾക്ക് വേണ്ടി രംഗത്തിറങ്ങേണ്ടിവരുമെന്നും തുഷാർ പറഞ്ഞു. ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളി, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീനിവാസൻ പെരുന്ന, പി.കെ.സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു