വാഴൂർ: നെടുംകുന്നം ഗവ. ഹൈസ്‌കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഇന്ന് രാവിലെ 10.30ന് നിർവഹിക്കും. എം.എൽ.എ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 3.52 കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിർമ്മിക്കുന്നത്. ഹൈടെക് നിലവാരത്തിലാണ് നിർമ്മാണം. യു.പി ബ്ലോക്കാണ് പുതിയ കെട്ടിടത്തിനായി പൊളിച്ചു നീക്കിയത്. ഹയർ സെക്കൻഡറി വിഭാഗത്തിന് കിഫ്ബി ധനസഹായത്തോടെ 1 കോടി രൂപ ചെലവഴിച്ച് പുതിയ ഇരുനില കെട്ടിടം പൂർത്തിയാക്കി. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല. നിർമ്മാണം എത്രയും വേഗം പൂർത്തികരിക്കുമെന്ന് ചീഫ് വിപ്പ് അറിയിച്ചു.

സ്‌കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ നെടുങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ബീന സി.ജെ അദ്ധ്യക്ഷയാകും. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി മുഖ്യപ്രഭാഷണം നടത്തും. വിവിധ തദ്ദേശ ജനപ്രതിനിധികളായ ഹേമലതാ പ്രേംസാഗർ, ലത ഉണ്ണികൃഷ്ണൻ, രവി വി.സോമൻ, ഷിനുമോൾ, ഡി.ഇ.ഒ രാകേഷ്, എ.ഇ.ഒ ഓമന, എച്ച് .എസ്.എസ് പ്രിൻസിപ്പാൾ അന്നപൂർണ, മുൻ പ്രധാനാദ്ധ്യാപകരായ റംലാ ബീഗം, ലളിതാഭായി, ശാന്തമ്മ എന്നിവർ പങ്കെടുക്കും.

സ്കൂൾ കെട്ടിടം: 9900 ചതുരശ്രയടിയിൽ

ആധുനിക കെട്ടിടം

രണ്ട് നിലകളിലായാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 8 ക്ലാസ് മുറികൾ, ലൈബ്രറി, കെമിക്കൽ ലാബ് , കമ്പ്യൂട്ടർ ലാബ്, മിനി ഓഡിറ്റോറിയം, ശൗചാലയം എന്നിവ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമ്മിക്കുന്നത്.