election

ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും

കോട്ടയം : തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നത് കാത്തിരിക്കാതെ കളത്തിലേക്കിറങ്ങിയ മുന്നണികൾ പ്രചാരണത്തിലും സജീവമായി. ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളെ ഇന്ന് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിക്കുന്നതോടെ കോട്ടയം, മാവേലിക്കര മണ്ഡലങ്ങളിലെ കൂടി തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും. വരുന്ന ആഴ്ച തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്ന സൂചനയിലാണ് മുന്നണികൾ ഔദ്യോഗിക പ്രചാരണത്തിലേക്ക് കടക്കുന്നത്. കേരള കോൺഗ്രസുകൾ നേരിട്ട് മത്സരിക്കുന്ന കോട്ടയത്ത് ഇരുമുന്നണികൾക്കും വെല്ലുവിളി ഉയർത്താൻ കരുത്തനായ സ്ഥാനാർത്ഥിയെ ഇന്ന് ബി.ഡി.ജെ.എസ് കളത്തിലിറക്കും. തോമസ് ചാഴികാടനും ഫ്രാൻസിസ് ജോർജും പലവട്ടം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിയെങ്കിലും അവരോടൊപ്പം ഓടിയെത്താമെന്ന ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ.

കൺവെൻഷനുകൾ ഉടൻ
എൽ.ഡി.എഫ്. മണ്ഡലം കൺവെൻഷൻ തിരുനക്കര മൈതാനത്ത് നാളെ രാവിലെ 10 ന് നടക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വമാണ് ഉദ്ഘാടകൻ. യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും 11 ന് വൈകിട്ട് നാലിന് തിരുനക്കര മൈതാനത്ത് നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് ഉദ്ഘാടകൻ. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ചൂട്ടുവേലിയിൽ എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ പ്രസംഗിക്കും.

കൊടിക്കുന്നിൽ ഇന്ന് തുടങ്ങും

മാവേലിക്കര മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി അരുൺ കുമാർ പര്യടനം തുടങ്ങിയതോടെ യു.ഡി.എഫ് സിറ്റിംഗ് എം.പി കൊടിക്കുന്നിൽ സുരേഷ് ഇന്ന് രാവിലെ 9 ന് ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ പ്രാർത്ഥിച്ച് പര്യടനത്തിന് തുടക്കമിടും. മാവിലേക്കര മണ്ഡലത്തിലും ബി.ഡി.ജെ.എസ് ഒരുക്കങ്ങൾ പൂർത്തിയാക്കി ഇന്ന് പ്രചാരണം തുടങ്ങും.

പത്തനംതിട്ടയിൽ പൊടിപൂരം

മൂന്ന് സ്ഥാനാർത്ഥികളും മണ്ഡലത്തിൽ സജീവമായി. ആന്റോ ആന്റണി, ഡോ.തോമസ് ഐസക്, അനിൽ ആന്റണി എന്നിവരാണ് സ്ഥാനാർത്ഥികൾ.