bus-1

കുറവിലങ്ങാട് : എം.സി റോഡ് നവീകരിച്ചത് വാഹനയാത്ര സുഗമമാക്കിയെങ്കിലും അപകടങ്ങൾക്ക് പരിഹാരമായില്ല. അമിതവേഗം ചിലർക്ക് ഹരമായി മാറുമ്പോൾ പൊലിയുന്നത് വിലപ്പെട്ട ജീവനുകളാണ്. ജീവിതത്തിലേക്ക് തിരികെ എത്താൻ കഴിയാതെ ചികിത്സയിൽ കഴിയുന്നവരുമേറെയാണ്. വീതിയേറിയ റോഡിൽ 100 കിലോമീറ്ററിലേറെ വേഗത്തിലാണ് മിക്ക വാഹനങ്ങളും പായുന്നത്. മിനുസമേറിയ റോഡിൽ വാഹനങ്ങൾക്ക് ബ്രേക്ക് കിട്ടാതെ വരുന്നതാണ് അപകടത്തിനിടയാക്കുന്നത്. മഴക്കാലത്ത് വാഹനങ്ങൾ റോഡിൽ നിന്ന് തെന്നിമാറുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. വേഗനിയന്ത്രണ സംവിധാനങ്ങളും ഇല്ല. കാലങ്ങളായി പൊലീസിന്റെയോ വാഹനവകുപ്പിന്റെയോ പരിശോധനകൾ ഇല്ലാത്തത് അതിവേഗക്കാർക്ക് പ്രോത്സാഹനമാകുന്നു. കുറവിലങ്ങാട്, വെമ്പള്ളി, കുര്യം, പട്ടിത്താനം, മോനിപ്പിള്ളി ആച്ചിക്കൽ ഭാഗത്തും അപകടം പതിവാണ്. വളവുകളേറെയുള്ള ഈ മേഖലകളിൽ വേഗം കുറയ്ക്കാതെയാണ് ഡ്രൈവിംഗ്. മൂന്ന് മാസത്തിനിടെ 15 ലേറെ അപകടങ്ങളാണ് നടന്നത്. റോഡപകടങ്ങളിൽപ്പെടുന്നവരിൽ ഭൂരിഭാഗവും ബൈക്ക് , കാർ യാത്രക്കാരാണ്. ഏറെയും യുവാക്കൾ. അശ്രദ്ധമായ ഡ്രൈവിംഗിനൊപ്പം മൊബൈൽ ഉപയോഗവും പ്രശ്‌നമാകുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നതും ഹെൽമറ്റില്ലാതെ യാത്രചെയ്യുന്നതും അപകടങ്ങളുടെ എണ്ണംകൂട്ടി.

പദ്ധതി പരണത്ത് , പൊലിയുന്നു ജീവനുകൾ

എം.സി റോഡിൽ അപകടങ്ങൾ വർദ്ധിച്ചതോടെ പട്ടിത്താനം മുതൽ ജില്ലാ അതിർത്തിയായ കൂത്താട്ടുകുളത്തിന് സമീപം ചോരക്കുഴി പാലം വരെയുള്ള അപകടസാദ്ധ്യതാ മേഖല കണ്ടെത്തി പരിഹാര നടപടികളെടുക്കാൻ പൊലീസും മോട്ടോർ വാഹന വകുപ്പും തയ്യാറാക്കിയ പദ്ധതി പരണത്താണ്. അപകടസാദ്ധ്യത കൂടിയ സ്ഥലങ്ങളെ ബ്ലാക്ക് സ്‌പോട്ടായി പരിഗണിച്ച് പൊതുമരാമത്ത് വകുപ്പിന്റെ സഹകരണത്തോടെ വിവിധ സുരക്ഷാ നടപടികൾ സ്വീകരിക്കാനായിരുന്നു നീക്കം. രാത്രികാലങ്ങളിൽ കാര്യമായ പരിശോധനകളില്ലാത്തതും അപകടങ്ങൾ പെരുകാൻ ഇടയാക്കുകയാണ്.

ഇവയ്ക്ക് പരിഹാരമുണ്ടോ
അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും
ബൈക്കുകളുടെ ഇടതുവശത്തുകൂടിയുള്ള ഓവർടേക്കിംഗ്
ഡിം ചെയ്യാത്ത അമിത വെളിച്ചമുള്ള ഹെഡ് ലൈറ്റുകൾ
വഴിവിളക്ക് സൈൻ ബോർഡുകളുടെ അഭാവം

വേഗനിയന്ത്രണ സംവിധനങ്ങളില്ലാത്തത്

ട്രാൻ. ബസും കാറും കൂട്ടിയിടിച്ച് 24 പേർക്ക് പരിക്ക്

കുറവിലങ്ങാട് : കാർ ഇടിച്ച് കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിന്റെ പിൻചക്രങ്ങൾ ഊരിത്തെറിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ 24 പേർക്ക് പരിക്ക്. ഇന്നലെ രാവിലെ 10.50 ന് കാളികാവിനും കുര്യത്തിനും ഇടയിലായിരുന്നു അപകടം. കോട്ടയത്ത് നിന്ന് മൂന്നാറിലേക്ക് പോകുകയായിരുന്ന ബസിന്റെ പിൻവശത്തെ ടയറിൽ എതിരെ വന്ന കാർ ഇടിച്ച് കയറുകയായിരുന്നു. ഇതോടെ ടയറുകൾ ഉൗരി നിയന്ത്രണം നഷ്ടമായ ബസ് ഇടത് വശത്തേക്ക് മറിഞ്ഞു. ബസിനുള്ളിൽ നിന്ന് യാത്രക്കാരുടെ നിലവിളി കേട്ടെത്തിയ സമീപവാസികളും ഇതുവഴി കടന്നു പോവുകയായിരുന്ന മറ്റു വാഹന യാത്രക്കാരുമാണ് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. തകർന്ന് കിടന്ന മുൻ വശത്തെ ഗ്ലാസിലൂടെയാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. പലർക്കും മുഖത്തിനും തലയ്ക്കുമാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡി.കോളേജിലും തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. കുറവിലങ്ങാട് പൊലീസും, ഫയർഫോഴ്‌സും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ബസ് റോഡിൽ നിന്ന് വലിച്ചുമാറ്റിയ ശേഷം റോഡിൽ പരന്ന ഡീസലും ഓയിലും കഴുകി വൃത്തിയാക്കി. തുടർന്നാണ് ഗതാഗതം പുന:സ്ഥാപിക്കാനായത്. ഇന്നലെ രാവിലെ കാളികാവ് പള്ളിയ്ക്ക് സമീപം കാറും അപകടത്തിൽപ്പെട്ടിരുന്നു.