
മുണ്ടക്കയം: മനുഷ്യരോ പക്ഷികളോ, ആരുമായിക്കൊള്ളട്ടെ ഈ തണ്ണീർപ്പന്തലിലേക്ക് വരാം... ദാഹമകറ്റാം. മുണ്ടക്കയം ബൈപാസിൽ ചാച്ചിക്കവല ഭാഗത്ത് റോഡരികിലെ പൂന്തോട്ടത്തിൽ സൗമ്യത കുടുംബശ്രീ പ്രവർത്തകർ ഒരുക്കിയിരിക്കുന്ന തണ്ണീർപ്പന്തൽ അങ്ങനെ വ്യത്യസ്തമാവുകയാണ്. ശുദ്ധജലക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് തെളിനീരുമായി കുടുംബശ്രീ പ്രവർത്തകർ എത്തുന്നത്. സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനടക്കാർ ഇവിടേക്ക് എത്തുന്നുണ്ട്. വലിയ കുടത്തിലെ തെളിനീർ കുടിച്ച് മനസൊന്ന് തണുപ്പിച്ച് മടക്കം. പൂന്തോട്ടത്തിന് നടുവിലെ തുറന്ന ജാറിൽ നിന്ന് വെള്ലം കുടിച്ച് പക്ഷികളും ചൂടിനെ അകറ്റുന്നു. മാലിന്യക്കൂമ്പാരമായി കിടന്ന ബൈപാസിന്റെ ഒരു വശം വെട്ടിത്തെളിച്ചാണ് കുടുംബശ്രീ പ്രവർത്തകർ പൂന്തോട്ടവും തണ്ണീർപന്തലും തീർത്തത്. പാതയോരത്ത് നട്ടുവളർത്തുന്ന ചെടികൾ മോഷണം പോകാതിരിക്കാൻ സിസിടിവി കാമറയും മഹിളാ കൂട്ടായ്മ സജ്ജമാക്കിയിട്ടുണ്ട്.