ഹെലൻ ആൻഡ്രുവിന്റെ ശിവതാണ്ഡവ നൃത്തത്തിലലിഞ് കാവിൻപുറം
ഏഴാച്ചേരി: ''ചിലങ്കപൂജ ദേവൻമാർക്ക് മുന്നിലുള്ള നൃത്താവതരണമാണ്. 'അരങ്ങേറ്റം' എന്നത് മനുഷ്യർക്ക് മുന്നിലുള്ള നൃത്താവതരണവും. ഒരു നർത്തകനെയോ നർത്തകിയെയോ സംബന്ധിച്ചിടത്തോളം അരങ്ങേറ്റത്തേക്കാൾ വലുതാണ് ചിലങ്കപൂജ''. പ്രമുഖ നർത്തകി ഹെലൻ ആൻഡ്രു പറഞ്ഞു. ശിവരാത്രി സന്ധ്യയിൽ ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്ര സന്നിധിയിൽ തന്റെ ശിഷ്യരുടെ ചിലങ്കപൂജയ്‌ക്കെത്തിയതായിരുന്നു ഈ നർത്തകി.
''ചിലങ്ക തലേദിവസം തന്നെ ശ്രീകോവിലിൽ ഏൽപ്പിക്കുകയാണ്. അന്ന് രാത്രി ഉമാമഹേശ്വരൻമാർ ഈ ചിലങ്കയണിഞ്ഞ് നർത്തനമാടുമെന്നാണ് നൃത്തവേദിയിലെ സങ്കല്പം'' ഹെലൻ പറഞ്ഞു. അനുഭവമെന്നപോലെ ഒരു സംഭവവും ഈ കലാകാരി വിശദീകരിച്ചു; '' ദളിതരായ ബഡുക വിഭാഗക്കാരുടെ ഊട്ടിക്കടുത്തുള്ള ജഗദല ദുർഗ്ഗാക്ഷേത്രത്തിൽ ചിലങ്കപൂജയ്ക്ക് പോയി. അവിടെ ചിലങ്ക പൂജയ്ക്ക് വയ്ക്കവേ ഒരു ശിഷ്യയുടെ അമ്മ പറഞ്ഞു. ഇവിടെ നാഗം നമുക്ക് മുമ്പിൽ പ്രത്യക്ഷമാകും. എന്നാൽ താൻ അത് കാര്യമാക്കിയില്ല. ചിലങ്കപൂജ കഴിഞ്ഞു ശ്രീകോവിലിന് മുന്നിൽ തൊഴുതുനിൽക്കവേ സ്വർണ്ണവർണ്ണത്തിലുള്ള ഒരു നാഗം എന്റെ കാൽച്ചുവട്ടിൽ പ്രത്യക്ഷപ്പെട്ടു. ചിലങ്കപൂജയ്ക്ക് അത്രയ്ക്ക് ശക്തിയുണ്ടെന്ന് അന്ന് ഞാൻ മനസ്സിലാക്കി. പൂജിച്ച ചിലങ്കയണിഞ്ഞ് അരങ്ങിലേക്ക് കയറുമ്പോൾ വല്ലാത്തൊരു ആവേശമാണെന്ന് ഈ നർത്തകി പറയുന്നു.
പൊന്നാടയണിച്ചാദരിച്ചു.
ഇന്നലെ സന്ധ്യയിൽ കാവിൻപുറം ഉമാമഹേശ്വ ക്ഷേത്രസന്നിധിയിൽ ചിലങ്കപൂജയ്‌ക്കെത്തിയ ഹെലൻ ആൻഡ്രുവിനെ ദേവസ്വം ആദരിച്ചു. ദേവസ്വം പ്രസിഡന്റ് റ്റി.എൻ.സുകുമാരൻ നായർ, മറ്റ് ഭാരവാഹികളായ ചന്ദ്രശേഖരൻ നായർ പുളിക്കൽ, പി.എസ്. ശശിധരൻ, തങ്കപ്പൻ കൊടുങ്കയം, സുരേഷ് ലക്ഷ്മിനിവാസ്, ആർ. ജയചന്ദ്രൻ, ആർ. സുനിൽകുമാർ, ബിന്ദു രാജീവ്, ചിത്ര വിനോദ്, രശ്മി അനിൽ, ശ്രീജ സുനിൽ എന്നിവർ പങ്കെടുത്തു. ഹെലൻ ആൻഡ്രു ശിവതാണ്ഡവ നൃത്തം അവതരിപ്പിച്ചു.
ഫോട്ടോ അടിക്കുറിപ്പ്.
ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ ചിലങ്കപൂജയ്‌ക്കെത്തിയ പ്രമുഖ നർത്തകി ഹെലൻ ആൻഡ്രുവിനെ കാവിൻപുറം ദേവസ്വം പ്രസിഡന്റ് റ്റി.എൻ. സുകുമാരൻ നായർ പൊന്നാട അണിയിച്ചാദരിക്കുന്നു. പി.എൻ. ചന്ദ്രശേഖരൻ നായർ, പി.എസ്. ശശിധരൻ, സുരേഷ് ലക്ഷ്മിനിവാസ്, ആർ. സുനിൽകുമാർ, ബിന്ദു രാജീവ്, ചിത്ര വിനോദ്, രശ്മി അനിൽ, ശ്രീജ സുനിൽ തുടങ്ങിയവർ സമീപം.