കടുത്തുരുത്തിയിലും സമീപ പഞ്ചായത്തുകളിലും പ്രതിസന്ധി രൂക്ഷം
കടുത്തുരുത്തി: വേനലാണ്... കുടിവെള്ലം തേടി കടുത്തുരുത്തിക്കാർ അലയുകയാണ്. ഇവിടെ ദുരിതം അത്രത്തോളമാണെന്ന് പ്രദേശവാസികൾ ഒരേസ്വരത്തിൽ പറയുന്നു. കടുത്തവേനലിനെ തുടർന്ന് കടുത്തുരുത്തിലും സമീപ പ്രദേശങ്ങളിലും ദാഹജലം കിട്ടാതെയായി. കടുത്തുരുത്തി, ഞീഴൂർ, കല്ലറ, മുളക്കുളം എന്നീ പഞ്ചായത്തുകളിലാണ് പ്രതിസന്ധി രൂക്ഷം. ചെറിയതോടുകളും, ജലസംഭവരണികളും മാലിന്യം നിറഞ്ഞ നിലയിലാണ്. ഇതാണ് പ്രദേശവാസികൾക്ക് വലിയ തിരിച്ചടിയായത്. കഴിഞ്ഞ ദിവസം ഞീഴൂർ വലിയതോട്ടിൽ മീൻപിടുത്തക്കാർ സ്ഥാപിച്ച വലയിൽ പെരുമ്പാമ്പ് കുടുങ്ങിയിരുന്നു. ചത്തു ദിവസങ്ങളോളം ദുർഗന്ധം വമിച്ചിട്ടു പഞ്ചായത്തധികൃതർ തിരിഞ്ഞുനോക്കിയില്ല. വലിയതോട്ടിൽ വലിയതോതിൽ മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ട്.
കനാലിൽ ചേറു നിറഞ്ഞു
മുവാറ്റുപുഴ വാല്യു ഇറിഗേഷൻ പ്രോജക്ടിന്റെ കനാൽ കടന്നുപോകുന്നതും ഞീഴൂർ,കടുത്തുരുത്തി പഞ്ചായത്തുകളിലൂടെയാണ്. കനാൽ ചേറു നിറഞ്ഞു കാടുകയറിയ നിലയിലുമാണ്. കല്ലറ പഞ്ചായത്തിലെ തോടുകൾ പോള നിറഞ്ഞു അഴുകിയ നിലയിലും. ജലസംഭരണികൾ പഞ്ചായത്ത് അധികൃതർ സംരക്ഷിക്കാൻ തയാറാകുന്നില്ലെന്ന പരാതി വ്യാപകമാണ്.
പ്രതിസന്ധി ഇങ്ങനെ
ജലസംഭരണികൾ വൃത്തിയാക്കാൻ പഞ്ചായത്തുകൾ തയാറാകുന്നില്ല
ടാങ്കർ ലോറിയിൽ കുടിവെള്ളം എത്തിക്കുന്നതിലും വീഴ്ച