thushar-vellapplly

പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരത്തിനൊരുങ്ങുകയാണ് ബി.ഡി.ജെ.എസ്. കഴിഞ്ഞ തവണ മത്സരിച്ച രണ്ടുസീറ്റുകൾ വച്ചുമാറി കൂടുതൽ സ്വാധീനമേഖലകളിലേയ്ക്കിറങ്ങുമ്പോൾ വിജയപ്രതീക്ഷ ഏറെയുണ്ട്. സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി കേരളകൗമുദിയോടു സംസാരിക്കുന്നു.

?കേരളത്തിൽ എൻ.ഡി.എയുടെ സാദ്ധ്യത

എൻ.ഡി.എ ഇക്കുറി കുറഞ്ഞത് നാലു സീറ്റിൽ ജയിക്കും. കഴിഞ്ഞ തവണത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇക്കുറി. ഉയർത്തിക്കാട്ടാൻ ഒരു പ്രധാനമന്ത്രി പോലുമില്ലാതെയാണ് ദേശീയതലത്തിൽ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മോദി സർക്കാരിന്റെ വികസനം ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. ഇതിന്റെ പ്രതിഫലനമുണ്ടാവും

?ബി.ഡി.ജെ.എസിന്റെ പ്രതീക്ഷ

രണ്ടുസീറ്റിൽ ബി.ഡി.ജെ.എസ് ജയിക്കും. മാവേലിക്കര, ചാലക്കുടി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. കോട്ടയം, ഇടുക്കി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ രണ്ടാം ഘട്ടത്തിൽ പ്രഖ്യാപിക്കും. മത, സാമുദായിക നേതാക്കളുടെ ആശിർവാദത്തോടെയാവും സ്ഥാനാർത്ഥി പ്രഖ്യാപനം.

?കോട്ടയത്ത് മത്സരിക്കുമോ

എന്റേതടക്കമുള്ള പേരുകൾ കോട്ടയത്ത് ഉയർന്നിട്ടുണ്ട്. ഞാൻ മത്സരിക്കുന്നില്ലെന്നാണ് ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നത്. എൻ.ഡി.എ കൺവീനറെന്ന നിലയിൽ സംസ്ഥാനമെമ്പാടും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ആഗ്രഹിച്ചത്. എന്നാൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നദ്ദാജി ഉൾപ്പെടെയുള്ളവർ ഞാൻ മത്സരിക്കണമെന്ന് നിർദ്ദേശിച്ചു. രണ്ടു ദിവസത്തിനുള്ളിൽ ബാക്കി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.

?വയനാട് സീറ്റ് ഇക്കുറി ഉപേക്ഷിക്കാൻ കാരണമെന്താണ്

കഴിഞ്ഞ തവണ തൃശൂരിൽ മത്സരിക്കാൻ ഒരുങ്ങുമ്പോഴാണ് രാഹുൽ ഗാന്ധി വയനാട് എത്തുന്നതും ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ച് വയനാട്ടിലേക്ക് പോയതും. സംഘടനാ സംവിധാനം വളരെ പരിമിതമാണ് അവിടെ. ഈ സാഹചര്യത്തിലാണ് വയനാടിനു പകരം കോട്ടയം സീറ്റ് ആവശ്യപ്പെട്ടത്. ആലത്തൂരിൽ കഴിഞ്ഞ തവണ മത്സരിച്ച ടി.വി.ബാബു മരിച്ചതോടെ മണ്ഡലത്തിൽ അത്രയും സ്വാധീനമുള്ള മറ്റൊരാളെ കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് ചാലക്കുടിയുമായി വച്ചുമാറിയത്.

?സ്ഥാനാർത്ഥിത്വത്തിന്റെ ഭാഗമായാണോ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയത്

എൻ.എസ്.എസ് ജനറൽ സെക്രട്ടറിയും കുടുംബവുമായി വ്യക്തിപരമായി അടുപ്പമുണ്ട്. ഇടയ്ക്ക് പോവാറുണ്ട്. നാലു സീറ്റുകളിൽ മത്സരിക്കുന്ന വിവരം അദ്ദേഹത്തെ ധരിപ്പിച്ചു. രാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിച്ചു. അദ്ദേഹത്തിന്റെ അനുഗ്രഹവും വാങ്ങി. സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായശേഷം വീണ്ടും അദ്ദേഹത്തെ കാണും.

?കെ.മുരളീധരൻ തൃശൂരിലെത്തുന്നത് എൻ.ഡി.എയ്ക്ക് തിരിച്ചടിയാണോ

മുരളീധരന്റെ വരവ് എൻ.ഡി.എയ്ക്ക് ഗുണകരമാണ്. അദ്ദേഹത്തിനു മണ്ഡലത്തിൽ സ്വാധീനമില്ല. അദ്ദേഹത്തിന്റെ അച്ഛന്റെ സ്വാധീനം മുരളീധരനു ഗുണകരമാകുമെന്ന് കരുതുന്നില്ല. ടി.എൻ.പ്രതാപനുള്ള സ്വാധീനം പോലും മുരളീധരനു മണ്ഡലത്തിലില്ല.