
കോട്ടയം : പെൺകാഴ്ചയുടെ നിറകൂട്ടുകളാൽ വരച്ചിട്ട വ്യത്യസ്തമായ ചിത്രങ്ങളുമായി 48 വനിതകൾ. ഓരോ ചിത്രങ്ങൾക്കും പറയാനുള്ളത് സ്ത്രീ ജീവിതങ്ങളുടെ കഥകൾ. കാണുന്ന കാഴ്ചകൾക്കപ്പുറം പറയുന്ന വാക്കുകൾക്കും സങ്കൽപങ്ങൾക്കുമപ്പുറം ഓരോ സ്ത്രീയിലും ഒരു ലോകമുണ്ട്.സ്വപ്നങ്ങളും ആനന്ദവും ദുഖവും നിഴലിക്കുന്ന ആ ലോകമാണ് 'ഫെമ്നിറ്റി' എന്ന ചിത്രപ്രദർശനം തുറന്നുകാട്ടുന്നത്.
പെൺകരുത്തും ദൈന്യതയുമെല്ലാം നിറങ്ങളിലൂടെ തെളിഞ്ഞു കാണാനാവും. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടയം പബ്ലിക് ലൈബ്രറി ആർട്ട് ഗാലറിയിലാണ് ചിത്രപ്രദർശനം. സ്ത്രീയുടെ വിവിധ ഭാവങ്ങൾ എന്ന വിഷയത്തിലാണ് ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള സ്ത്രീകളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. വിവിധയിടങ്ങളിൽ ജോലി ചെയ്യുന്ന വ്യത്യസ്തമായ ജീവിത തിരക്കുകളിൽ അകപ്പെട്ടു ജീവിക്കുന്ന സ്ത്രീകളുടെ കാഴ്ചപാടുകൾ ഫെമിനിറ്റിയിലൂടെ ഒരുമിക്കുകയാണെന്ന് സംഘാടകർ പറയുന്നു. കൊച്ചി 'മാറ്റ്മ ആർട്ട് കളക്ടീവ്' ആണ് പ്രദർശനം സംഘടിപ്പിക്കുന്നത്. കോട്ടയം നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
പ്രദർശനം സമാപനം: 13ന്